സിനിമാ പ്രവര്‍ത്തകരുടെ വിവിധ തരത്തിലുള്ള ഹോബികളേക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ചിലതെല്ലാം വിചിത്രമായി തോന്നുകയും ചെയ്യാറുണ്ട്. സിനിമ പ്രദര്‍ശന വിജയം നേടിയതിന് ശേഷം അണിയറപ്രവര്‍ത്തകര്‍ ചേര്‍ന്ന് വിജയാഘോഷം നടത്തുക പതിവാണ്. അത് എല്ലാ ഭാഷകളിലുമുള്ള ചലച്ചിത്ര ലോകത്ത് നിലനില്‍ക്കുന്ന ഒന്നാണ്. പരസ്പരം അഭിനന്ദിക്കുക, സന്തോഷം പങ്കിടുക, ഒന്നിച്ച് ഭക്ഷണം കഴിച്ച് സൗഹൃദം ഊട്ടി ഉറപ്പിക്കുക എന്നിവയെല്ലാമാണ് ഇത്തരം ആഘോഷങ്ങളില്‍ നടന്നു വരുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ രീതിയില്‍ ആഘോഷം നടത്തണമെന്ന് നിര്‍ബന്ധമുള്ള ഒരു നടനുണ്ട്. യുവജനങ്ങളുടെ ആരാധനാപാത്രമായ തമിഴ് താരം വിജയ് ആണത്. കാരണം ഇത്തരം ആഘോഷങ്ങളില്‍ എല്ലാവര്ക്കും വിജയുടെ വക പ്രത്യേക സമ്മാനവുമുണ്ട്.
ഭൈരവയുടെ വിജയാഘോഷത്തിലും വിജയ് ഈ പതിവ് തെറ്റിച്ചില്ല. ഭൈരവയിലെ നായിക കീര്‍ത്തി സുരേഷിന് വിജയുടെ സമ്മാനമായി കിട്ടിയത് മനോഹരമായ ബ്രെയ്സ്ലെറ്റാണ്. വിജയ് തന്നെ അത് കീര്‍ത്തിയുടെ കൈയ്യിലണിയിച്ച് കൊടുക്കുകയും ചെയ്തു. സിനിമയ്ക്കായി പ്രവര്‍ത്തിച്ച മറ്റെല്ലാവര്‍ക്കും സമ്മാനമായി സ്വര്‍ണ്ണ മാലയും നല്കി. സിനിമ റിലീസായി വന്‍ ബോക്സോഫീസ് കളക്ഷന്‍ നേടിയപ്പോള്‍ തന്നെ പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിരുന്നതായിരുന്നു, എന്നാല്‍ ജെല്ലിക്കെട്ട് കാരണം നീണ്ടു പോവുകയായിരുന്നു.