വളരെ സൗമ്യനായ താരമെന്നാണ് എല്ലാവരും ഇളയ ദളപതി വിജയ് യെക്കുറിച്ച് പറയുന്നത്. യാതൊരു താരജാഡകളുമില്ലാതെയാണ് വിജയ് സെറ്റില്‍ പെരുമാറുന്നത്. എന്നാല്‍ ഇത്രയും ശാന്തസ്വഭാവക്കാരനായ വിജയ്യെ താന്‍ ദേഷ്യം പിടിപ്പിച്ചിട്ടുണ്ടെന്ന് പറയുകയാണ് നടനും സുഹൃത്തുമായ സഞ്ജീവ്. ഒരു അഭിമുഖത്തിലായിരുന്നു സഞ്ജീവിന്റെ വെളിപ്പെടുത്തല്‍.
‘വഴക്കിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണം എന്താണെന്ന് പറയാന്‍ സാധിക്കില്ല. പക്ഷേ അന്നുനടന്ന സംഭവം പറയാം. ഞാനും വിജയ്യും സുഹൃത്തുക്കളും ഒരിക്കല്‍ ഒരു ഡിന്നറിന് ഒത്തുകൂടി. സംസാരിക്കുന്നതിനിടയില്‍ ഞങ്ങള്‍ രണ്ടുപേരും തമ്മില്‍ ഒരു കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടയി. കുറച്ചു കഴിഞ്ഞപ്പോള്‍ കളി കാര്യമായി. വിജയ്!യെ പൂര്‍ണമായി മനസ്സിലാക്കാതെ ഞാന്‍ പറഞ്ഞ ചില കാര്യങ്ങള്‍ അദ്ദേഹത്തെ വല്ലാതെ പ്രകോപിപ്പിച്ചു. അവസാനം അതൊരു വലിയ വഴക്കിലാണ് അവസാനിച്ചത്.
‘എന്റെ ചില വാക്കുകള്‍ പരിധി കടന്നപ്പോള്‍ വിജയ് മേശയില്‍ ആഞ്ഞടിച്ച് അവിടെ നിന്ന് എഴുന്നേറ്റു പോയി. ആറു മാസത്തോളം ഞങ്ങള്‍ പരസ്പരം സംസാരിച്ചില്ല. സാധാരണ വിജയ് ദേഷ്യപ്പെട്ടാല്‍ ഒരിക്കലും ബഹളമുണ്ടാക്കുകയില്ല. പക്ഷേ അദ്ദേഹത്തിന്റെ ആ മൗനം എന്നെ കൊല്ലുന്നതിന് തുല്യമായിരുന്നു.’
‘ഞാനായിരുന്നു ആ തെറ്റ് ചെയ്തത്. പിന്നീട് അതു മനസ്സിലാക്കിയപ്പോള്‍ വിഷമമായി. മറ്റൊരാളുടെ വ്യക്തിപരമായ കാര്യത്തില്‍ ഞാനിനി ഇടപെടുകയില്ലെന്ന് അതോടെ ഉറപ്പിച്ചു. ഒരിക്കല്‍ ഒരു പൊതുവേദിയില്‍ ഞാന്‍ ഈ കാര്യം പറയുകയും വിജയ്യോട് മാപ്പ് ചോദിക്കുകയും ചെയ്തു.
അന്ന് വിജയ് എന്നെ വിളിച്ചു. എന്തിനാണ് പരസ്യമായി മാപ്പ് പറഞ്ഞതെന്ന് ചോദിച്ചു. അദ്ദേഹത്തിന് അധികകാലം ദേഷ്യം വച്ചു പുലര്‍ത്താന്‍ കഴിയില്ലെന്ന് എനിക്ക് അറിയാം’ സഞ്ജീവ് പറഞ്ഞു. വിജയ്യുടെ തുടക്കകാലത്തെ മറക്കാനാകാത്തൊരു സംഭവം കൂടി സഞ്ജീവ് പറയുകയുണ്ടായി. ‘വിജയ്യുടെ അച്ഛന് സംവിധാനം ചെയ്ത നാളയ തീര്‍പു എന്ന ചിത്രത്തിലൂടെയാണ് 1992ല്‍ അദ്ദേഹം തമിഴകത്തേക്ക് ചുവടുവെയ്ക്കുന്നത്. വിജയ്യ്ക്ക് 20 വയസ്സ് മാത്രമാണ് പ്രായം. ഒരു പ്രമുഖതമിഴ് മാസിക അന്ന് വിജയ്യുടെ അഭിനയവും സൗന്ദര്യവും വിമര്‍ശിച്ച് എഴുതുകയുണ്ടായി’.
ആ മാസിക വായിച്ചപ്പോള്‍ വിജയ് ഒരുപാട് വിഷമിച്ചു. ആ രാത്രി മുഴുവന്‍ ഇരുന്ന് കരഞ്ഞു. അതൊരു ക്രിസ്മസ്, ന്യൂഇയര്‍ ദിവസത്തിലാണെന്നാണ് എന്റെ ഓര്മ. 20 വയസ്സു പ്രായമുള്ള ഒരാളെ ഇതുപോലെ വിമര്‍ശിക്കുമ്പോള്‍ ആരാണെങ്കിലും തളര്‍ന്നുപോകും. എന്നാല്‍ ഇന്ന് വിമര്‍ശനങ്ങളെ വിജയ് നേരിടുന്നത് നേരെ തിരിച്ചാണ്. പക്ഷേ ആ സംഭവം അദ്ദേഹത്തില്‍ നിരവധി തിരിച്ചറിവുകളുണ്ടാക്കി. അതേ മാസിക തന്നെ വര്‍ഷങ്ങള്‍ക്കുള്ളില്‍ വിജയ്യെ പ്രകീര്‍ത്തിച്ച് കവര്‍സ്റ്റോറി തന്നെ എഴുതി.’സഞ്ജീവ് പറഞ്ഞു. എന്തായാലും ഈ സംഭവം താരത്തിന്റെ ആരാധകര്‍ക്ക് കൗതുകമാവുകയാണ്.