സ്‌ഫോടനത്തിന്റെ ആഘാതം പ്രതീക്ഷിച്ചതിലും വലുതായിരുന്നു! എല്ലാവരും ചേര്‍ന്ന് വിനായകന്റെ തലയിലേയ്ക്ക് വെള്ളമൊഴിച്ചു; ആട് 2ന്റെ ചിത്രീകരണത്തിനിടെ സംഭവിച്ചതിനെക്കുറിച്ച് നിര്‍മാതാവ് വിജയ് ബാബു

ഒന്നാം ഭാഗം പരാജയപ്പെട്ടുവെങ്കിലും ആട് 2 എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന് തകര്‍പ്പന്‍ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചതും ലഭിച്ചുകൊണ്ടിരിക്കുന്നതും. ആദ്യഭാഗത്തിന്റെ ഡിവിഡി റിലീസിന് ശേഷം ടോറന്റിലും സോഷ്യല്‍ മീഡിയയിലും ലഭിച്ച സ്വീകാര്യതയാണ് ആടിന് ഇത്രയേറെ ആരാധകരെ സൃഷ്ടിച്ചത്. ഇതോടെ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.

മലയാളത്തില്‍ ഇത് ആദ്യമായിട്ടാണ് ഒരു പരാജയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നത്. ചിത്രത്തിലെ നായകകഥാപാത്രമായ ഷാജി പാപ്പനോളം ആരാധകരുള്ള കഥാപാത്രമായിരുന്നു, മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവുകൂടിയായ വിനായകന്‍ അവതരിപ്പിക്കുന്ന ഡ്യൂഡ്.

ആട് 2ന്റെ ചിത്രീകരണത്തിനിടെ വിനായകന് സംഭവിച്ച ഒരപകടത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തില്‍ എസ്‌ഐ ഷമീര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന്റെ നിര്‍മാതാവ് വിജയ് ബാബു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് വിജയ് ബാബു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

സിനിമയുടെ ചിത്രീകരണത്തിനിടെ വിനായകനുണ്ടായ ഒരു അപകടം ഒരിക്കലും മറക്കാനാകാത്തതാണെന്നാണ് വിജയ് ബാബു പറഞ്ഞത്. വിനായകന്‍ പിന്നിലേക്ക് ജീപ്പില്‍ നിന്ന് ബോംബ് എറിയുന്ന രംഗമായിരുന്നു അത്.

അത് ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. സ്ഫോടനത്തിന്റെ ആഘാതം പ്രതീക്ഷിച്ചതിനേക്കാള്‍ വലുതായിരുന്നു. വളരെ ദൂരെ നിന്നവര്‍ക്ക് പോലും പൊട്ടിത്തെറിയുടെ ആഘാതം ഏറ്റു.

വിനായകന്റെ തലയിലും മുഖത്തുമെല്ലാം ചൂട് ഏറ്റു. പെട്ടെന്ന് സെറ്റിലെ എല്ലാവരും ചേര്‍ന്ന് വെള്ളമെടുത്ത് അദ്ദേഹത്തിന്റെ തലയിലൊഴിച്ചു. നിര്‍മ്മാതാവ് എന്ന നിലയില്‍ ആരും ആഗ്രഹിക്കാത്ത ഒന്നാണ് സെറ്റില്‍ ആര്‍ക്കെങ്കിലും അപകടം പറ്റുക എന്നത്.

ആട് ഒന്നാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെ ജീപ്പില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെയാണ് വിനായകന് അപകടമുണ്ടായത്.

 

Related posts