നടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ നടനും നിര്‍മാതാവുമായ വിജയ് ബാബു ദുബായ് വിട്ടതായി സൂചന.
നടന് മുന്‍കൂര്‍ ജാമ്യം തേടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ ഇയാളെ പിടിക്കാനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.
ദുബായില്‍ താനുണ്ടെന്ന് കഴിഞ്ഞ ദിവസം വിജയ് ബാബു പറഞ്ഞിരുന്നു. വിജയ് ബാബുവിനെതിരെ ലുക്ക് ഔട്ട് സര്‍ക്കലുറാണ് പുറത്തിറക്കിയത്. യുഎഇയില്‍ വിജയ് ബാബു ഉണ്ടെന്നാണ് കസ്റ്റംസും പറയുന്നത്.
എന്നാല്‍ മറ്റേതെങ്കിലും രാജ്യത്തേക്ക് കടക്കാനുള്ള സാധ്യതയും ഏറെയാണ്. ഗോവയില്‍ നിന്ന് ദുബായിലേക്ക് വിജയ് ബാബു മുങ്ങിയതിന് പിന്നില്‍ അറസ്റ്റ് ഭയം തന്നെയായിരുന്നു.
തനിക്കെതിരെ പീഡന കേസ് കൊടുത്ത ഇരയെ സ്വാധീനിക്കാന്‍ ദുബായിലെ സുഹൃത്തുക്കള്‍ വഴി സമ്മര്‍ദ്ദം ചെലുത്തുന്നതായും സൂചനയുണ്ട്.
മുമ്പ് സാന്ദ്രാ തോമസും വിജയ് ബാബുവിനെതിരെ കേസ് കൊടുത്തിരുന്നു. അത് സമ്മര്‍ദ്ദത്തിലൂടെ പിന്‍വലിച്ചാണ് കേസൊഴിവാക്കിയത്. സമാനമായ മറ്റൊരു കേസും പിന്‍വലിച്ച് രക്ഷപ്പെട്ട ചരിത്രം വിജയ് ബാബുവിനുണ്ട്.
ഇരയുടെ പേര് വെളിപ്പെടുത്തിയതു കൊണ്ടു തന്നെ പീഡന കേസില്‍ വിജയ് ബാബുവിന് ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണ്.
അങ്ങനെ വന്നാല്‍ ഇന്റര്‍പോള്‍ സഹായത്താല്‍ സിനിമാ നിര്‍മ്മാതാവിനെ അറസ്റ്റു ചെയ്യാന്‍ നീക്കം നടത്തും. ഡിജിപി അനില്‍ കാന്ത് കേസില്‍ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.
അതിനിടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്താല്‍ എന്തു ചെയ്യണമെന്ന ചര്‍ച്ച താര സംഘടനയായ അമ്മയിലും തുടങ്ങിയിട്ടുണ്ട്
22നാണ് പരാതി പോലീസിന് കിട്ടിയത്. അന്നു തന്നെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ അതിന് പൊലീസ് ശ്രമിച്ചില്ല.
അങ്ങനെയാണ് ഗോവയില്‍ നിന്ന് വിജയ് ബാബു ദുബായിലേക്ക് പോയത്. ദുബായില്‍ നിന്നും വിജയ് ബാബു സുരക്ഷിത കേന്ദ്രത്തിലേക്ക് മുങ്ങിയെന്നും സൂചനയുണ്ട്.
പരാതി കിട്ടിയ ദിവസങ്ങളില്‍ രാജ്യത്തുണ്ടായിരുന്ന വിജയ് ബാബുവിനെ പിടിക്കാന്‍ പോലീസിന് ഏറെ അവസരം ഉണ്ടായിരുന്നു.
അന്ന് തന്നെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നുവെങ്കില്‍ താരത്തിന് വിദേശത്തേക്ക് രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ല,
മുന്‍കൂര്‍ ജാമ്യത്തിനായി മുതിര്‍ന്ന അഭിഭാഷകനുമായി വിജയ് ബാബു ആശയവിനിമയം നടത്തിയെന്നാണ് വിവരം.
ഇവിടെ താനാണ് ഇരയെന്നും നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നുമാണ് വിജയ് ബാബുവിന്റെ നിലപാട്.
ഇതിനിടെയാണ് ലുക്ക്ഔട്ട് നോട്ടീസ്. കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ടു കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ളാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി.
ഈ മാസം 22 നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്.
പീഡന പരാതിക്ക് പിന്നാലെ ഫേസ്ബുക്ക് ലൈവിലൂടെ ആരോപണം നിഷേധിച്ച് വിജയ് ബാബു രംഗത്തെത്തിയിരുന്നു. പരാതിക്കാരിയുടെ പേരടക്കം വെളിപ്പെടുത്തിയായിരുന്നു ഫേസ്ബുക്ക് ലൈവ്.
ഇതോടെയാണ് പൊലീസ് ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസെടുക്കാന്‍ തീരുമാനിച്ചത്.
ഫിലിപ് ആന്‍ഡ് ദി മങ്കി പെന്‍, പെരുച്ചാഴി, ആട്, ആട് 2, മുദ്ദുഗൗ, ഹോം, സൂഫിയും സുജാതയും തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവായ വിജയ് ബാബു നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
പരാതിക്കാരിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വാദിച്ചു കൊണ്ടാണ് വിജയ് ബാബു കോടതിയെ സമീപിക്കുക.
നടിയുടെ ആരോപണങ്ങള്‍ വ്യാജമാണെന്നും അത് തെളിയിക്കാനാവശ്യമായ തെളിവുകള്‍ പക്കലുണ്ടെന്നും വിജയ് ബാബു നേരത്തെ അറിയിച്ചിരുന്നു.
എന്തായാലും വിജയ് ബാബു ദുബായ് വിടുകയാണെങ്കില്‍ അത് ഏതെങ്കിലും ആഫ്രിക്കന്‍ രാജ്യത്തേക്കാവുമെന്നാണ് സൂചന.