ലൈംഗികപീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നിര്‍മാതാവും നടനുമായ വിജയ് ബാബു ഹൈക്കോടതിയെ സമീപിക്കും.
യുവനടി നല്കിയ പരാതിയിലാണ് പോലീസ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. ഹര്‍ജി ഹൈക്കോടതി ഇന്നുതന്നെ പരിഗണിക്കും.
നടിയുമായുള്ള വാട്സ്ആപ്പ് ചാറ്റും ചിത്രങ്ങളും പോലീസിനു കൈമാറാന്‍ തയാറെന്ന് വിജയ് ബാബു ജാമ്യാപേക്ഷയില്‍ പറയുന്നു.
സിനിമയില്‍ അവസരം തേടിയാണ് നടി താനുമായി അടുത്തത്. ഇപ്പോള്‍ ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
പോലീസ് മാധ്യമങ്ങളുമായി ഒത്തുകളിക്കുകയാണ്. തന്നെ അറസ്റ്റ് ചെയ്ത് പ്രശ്നം തീര്‍ക്കാനാണ് പോലീസ് നീക്കം നടത്തുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
കേസെടുത്തതിനു പിന്നാലെ വിജയ് ബാബു ദുബായിലേക്ക് കടന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗളൂരു വഴിയാണ് വിജയ് ബാബു രാജ്യം വിട്ടതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി എന്നറിഞ്ഞതോടെ, കഴിഞ്ഞ ഞായറാഴ്ചയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്.
കീഴടങ്ങാതെ നടന് മറ്റു വഴികളില്ലെന്നും നടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് ഓരോ നിമിഷവും തെളിയുന്നതെന്നും നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.
നടന് എതിരെ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ആഡംബര ഹോട്ടലില്‍ പരാതിക്കാരിക്ക് ഒപ്പം എത്തിയതിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.
ഹോട്ടലിലെ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. അഞ്ച് ഇടങ്ങളില്‍ പീഡനം നടന്നതായാണ് പോലീസ് പറയുന്നത്. ഈ സ്ഥലങ്ങളിലെല്ലാം വിജയ് ബാബു എത്തിയതിന് തെളിവ് ലഭിച്ചതായി പോലീസ് വ്യക്തമാക്കുന്നു.
ഏപ്രില്‍ 22നാണ് വിജയ് ബാബുവിന് എതിരെ യുവതി പോലീസില്‍ പരാതി നല്‍കുന്നത്. പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തി. ഇതിന് എതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.