കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേ പീഡന പരാതി നൽകിയ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്കും വിധേയയാക്കി. വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
സിനിമയില്‍ അവസരം വാഗ്ദാനം നല്കി ലൈംഗിക ചൂഷണം നടത്തിയെന്ന യുവതിയുടെ പരാതിയിൽ വിജയ് ബാബുവിനെതിരേ ബലാത്സംഗത്തിനും ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 22ന് കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിൽ എറണാകുളം സൗത്ത് പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എറണാകുളത്തെ ഫ്ളാറ്റില്‍ നിരവധിതവണ ബലാത്സംഗം ചെയ്തുവെന്നു പരാതിയിൽ പറയുന്നു.
വിജയ് ബാബു ഒളിവിലാണെന്നാണ് പോലീസ് നല്കുന്ന വിവരം. താന്‍ വിദേശത്താണെന്ന് സമൂഹമാധ്യമങ്ങളിലൂടെ വിജയ് ബാബുവും വ്യക്തമാക്കി.
യുവതി പോലീസിൽ പരാതി നല്‍കിയതിന് പിന്നാലെയാണ് വിജയ് ബാബു സമൂഹ മാധ്യമത്തിലൂടെ ഇരയുടെപേര് വെളിപ്പെടുത്തിയത്.
താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളതിനാല്‍ ആരോപണത്തില്‍ ഒരു ഭയവുമില്ലെന്നായിരുന്നു വിജയ് ബാബു ഫേസ്ബുക്ക് ലൈവിലൂടെ നടത്തിയ പ്രതികരണം.
നിയമത്തെ ബഹുമാനിക്കുന്നു. ഈ കേസിൽ ഇര താനാണ്. അങ്ങനെയുള്ള തന്റെ പേര് പുറത്തുവന്നപ്പോള്‍ മറ്റൊരു കക്ഷിയായ ആള് ആരാണെന്നും പുറത്തുവരണം.
തന്റെ അമ്മ, ഭാര്യ, സുഹൃത്തുക്കള്‍ എന്നിവരൊക്കെ ദുഃഖം അനുഭവിക്കുമ്പോള്‍ മറുവശത്ത് ഒരാള്‍ നിയമത്തിന്റെ സംരക്ഷണയില്‍ സുഖമായിരിക്കുന്നത് ന്യായമല്ലെന്നും പറഞ്ഞാണ് പരാതിക്കാരിയുടെ പേര് പരസ്യമാക്കിയത്.
2018 മുതല്‍ പരാതിക്കാരിയായ പെണ്‍കുട്ടിയെ അറിയാം. ഓഡിഷന് ചെയ്തുവന്ന് സിനിമയില്‍ അഭിനയിച്ച കുട്ടിയാണ്.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ തന്നെ കാണണമെന്ന് അഭ്യര്‍ഥിച്ച് നിരന്തരം മെസേജ് അയച്ചു. ഡിപ്രഷന് ആണെന്ന് പറഞ്ഞ് തന്നെ കാണാന്‍ വന്നയാളാണ്.
പെണ്‍കുട്ടി അയച്ചിരിക്കുന്ന മെസേജുകളുടെ 400ഓളം സ്ക്രീന്‍ഷോട്ടുകള്‍ തന്റെ കൈയിലുണ്ട്. അതു പുറത്തുവിടാന്‍ തയാറാണ്.
അതിന്റെ പേരില്‍ വരാനിരിക്കുന്ന കേസ് താന്‍ അനുഭവിച്ചോളാം. പരാതിക്കാരിക്കും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കുമെതിരെ അപകീര്‍ത്തിപ്പെടുത്തിയതിന് കേസ് നല്‍കുമെന്നും വിജയ് ബാബു പറയുന്നു.