ചെന്നൈ: വിജയ് നടത്തിയ സൈക്കിൾ യാത്ര രാഷ്ട്രീയ സന്ദേശം നൽകാൻ തന്നെയെന്ന് പിതാവ് എസ്.എ.ചന്ദ്രശേഖർ. ചെന്നൈയിലെ വസതിയിൽ ഒടു ടെലിവിഷൻ ചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പ്രശ്നം തുറന്നുകാട്ടാൻ തന്നെയാണ് വിജയ് സൈക്കിൾ യാത്ര നടത്തിയത്. സാധാരണകാർക്ക് വേണ്ടിയാണ് വിജയ് സൈക്കിളിലേറിയത്. എപ്പോൾ വേണമെങ്കിലും വിജയ് രാഷ്ട്രീത്തിലിറങ്ങും.
ജനങ്ങൾ ആഗ്രഹിക്കുന്പോൾ വിജയിയുടെ രാഷ്ട്രീയപ്രവേശം ഉണ്ടാകുമെന്നും എസ്.എ.ചന്ദ്രശേഖർ പറഞ്ഞു. രാഷ്ട്രീയ സന്ദേശം നൽകാനായിരുന്നില്ല സൈക്കിൾയാത്ര എന്ന വാദങ്ങൾക്കിടെയാണ് വിജയിയുടെ അച്ഛന്റെ പ്രതികരണം.
മെയ് ആറിന് നടന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പിൽ ചെന്നൈയിൽ വസതിയിൽ നിന്നും വിജയ് സൈക്കിളിൽ വോട്ട് ചെയ്യാൻ വന്ന സംഭവം വലിയ ചർച്ചകൾക്ക് വഴി തുറന്നിരുന്നു.
വിജയ് സൈക്കിളിൽ സഞ്ചരിച്ചതിന് അസാധാരണമായി ഒന്നുമില്ലെന്നും വീടിന് അടുത്തുള്ള സ്കൂളായതിനാൽ മാത്രമാണ് അദ്ദേഹം സൈക്കിളിൽ സഞ്ചരിച്ചതെന്നുമാണ് നടന്റെ പിആർ ടീം വ്യക്തമാക്കുന്നത്.