പ്രമുഖ താരങ്ങളും നേതാക്കളും പ്രശസ്തരും എല്ലാം വോട്ട് ചെയ്യാനെത്തിയത് വാർത്തയായെങ്കിലും സോഷ്യൽ മീഡിയയിൽ വൈറലായത് തമിഴ്നടൻ വിജയിയുടെ പോളിങ് ബൂത്തിലേക്കുള്ള വരവായിരുന്നു.കേന്ദ്ര സര്ക്കാരിന് എതിരേയുള്ള വിജയ്യുടെ നിലപാടാണെന്നും ഇന്ധന വിലവര്ധനവിനെതിരേയുള്ള പ്രതിഷേധമാണെന്നുമായിരുന്നു വാർത്ത.
ഊഹാപോഹങ്ങൾ പടരുന്നതിനിടെ താരം സൈക്കിളിലെത്താനുള്ള കാരണമെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹത്തിന്റെ വക്താവ്. ട്വിറ്ററിലാണ് വിജയ് ടീം നിലപാട് വ്യക്തമാക്കിയത്.നീലങ്കരൈയിലെ വേല്സ് യൂണിവേഴ്സിറ്റി ബൂത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്.
അദ്ദേഹത്തിന് വീടിനു പിന്നിലായിരുന്നു ബൂത്തെന്നും കാറിലെത്തിയാല് പാര്ക്ക് ചെയ്യാന് അസൗകര്യം ഉണ്ടാവും എന്നതിനാലാണ് യാത്രക്ക് സൈക്കിള് തിരഞ്ഞെടുത്തതെന്നുമാണ് വിശദീകരണം.”അദ്ദേഹത്തിന്റെ വീടിനു പിന്നിലുള്ള തെരുവിനോട് ചേര്ന്നാണ് ഈ പോളിംഗ് ബൂത്ത്.
അതൊരു ഇടുങ്ങിയ സ്ഥലമായതിനാല് അദ്ദേഹത്തിന്റെ കാര് അവിടെ പാര്ക്ക് ചെയ്യുക ബുദ്ധിമുട്ടാവും. അതിനാലാണ് അദ്ദേഹം ബൂത്തിലേക്കെത്താന് സൈക്കിള് തെരഞ്ഞെടുത്തത്. അതല്ലാതെ മറ്റ് ഉദ്ദേശങ്ങളൊന്നും ഇതിനു പിന്നില് ഇല്ല- താരത്തിന്റെ പബ്ലിസിറ്റി വിഭാഗം പുറത്തിറക്കിയ കുറിപ്പിവ്യക്തമാക്കി.
വിലക്കയറ്റം രൂക്ഷമായ കാലത്ത് വിജയ് നടത്തിയ സൈക്കിള് യാത്ര കേന്ദ്ര സര്ക്കാരിനെതിരായ പ്രതിഷേധമായി ചിത്രീകരിക്കപ്പെടുകയും രാഷ്ട്രീയ പാര്ട്ടികളും മാധ്യമങ്ങളും ആഘോഷിക്കുകയും ചെയ്തിരുന്നു. ഡിഎംകെയുടെ കൊടിയടയാളമായ ചുവപ്പും കറുപ്പും നിറത്തിലുള്ള സൈക്കിളില് വിജയ് നടത്തിയ യാത്ര ഡിഎംകെ അണികള് കൊണ്ടാടി.
കേന്ദ്ര സര്ക്കാരിന്റെ പല നയങ്ങളോടും പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയ വിജയ്യുടെ വീട്ടില് കഴിഞ്ഞ വര്ഷം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. വിജയ്യുടെ ചിത്രം മെര്സലിനെതിരേ ബിജെപിയും കേന്ദ്രസർക്കാരും രംഗത്തു വന്നതോടെ പിന്തുണയുമായി സിനിമാ പ്രവര്ത്തകരും പ്രമുഖരും രംഗത്തെത്തിയിരുന്നു.
കേന്ദ്ര സർക്കാർ അഭിമാനത്തോടെ അവതരിപ്പിച്ച ചരക്ക്, സേവന നികുതിക്ക് (ജിഎസ്ടി) എതിരായി സിനിമയിലുള്ള പരാമർശങ്ങളാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. മെര്സല് എന്ന പേരുമായി ബന്ധപ്പെട്ട വിവാദങ്ങള് മറികടന്നാണു ആറ്റ് ലീ സംവിധാനം ചെയ്ത ചിത്രം ദീപാവലിക്കു തിയറ്ററുകളിലെത്തിയത്.
എന്നാല് റിലീസിനു ശേഷം ചിത്രത്തിലെ സംഭാഷണങ്ങളും വിവാദമായിരുന്നു. സിംഗപ്പുരില് ഏഴു ശതമാനം മാത്രം ജിഎസ്ടിയുള്ളപ്പോള് ഇന്ത്യയിലത് 28 ശതമാനമാണ്. കുടുംബ ബന്ധം തകര്ക്കുന്ന ചാരായത്തിനു ജിഎസ്ടിയില്ല. പക്ഷേ ജീവന് രക്ഷിക്കേണ്ട മരുന്നിനുണ്ട്. ഈ സംഭാഷണങ്ങളാണു ബിജെപിയെ ചൊടിപ്പിച്ചത്.
ജിഎസ്ടിയെയും ഡിജിറ്റല് ഇന്ത്യയെയയും മോശമായി ചിത്രീകരിച്ച രംഗങ്ങൾ നീക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.ഈ സാഹചര്യം നിലനിൽക്കുന്നതിനാലാണ് താരം സൈക്കിളിൽ വോട്ടു ചെയ്യാനെത്തിയത് കേന്ദ്രസർക്കാരിനെതിരെയുള്ള പ്രതിഷേധമായി വ്യാഖ്യാനിക്കപ്പെട്ടത്.