കൊല്ലം: വിജയ് ഫാൻസ് കൊല്ലം നൻന്പൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ കൊല്ലം പീരങ്കി മൈതാനിയിൽ വച്ച് മുണ്ടയ്ക്കൽ അമൃതകുളത്ത് തീപിടത്തിൽ വീട് നഷ്ടമായ മഹി കൃഷ്ണന്റെ കുടുംബത്തിന് ധനസഹായമായി ഒരു ലക്ഷം രൂപ നൽകും.
ഇതോടൊപ്പം പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് പോയ രണ്ടുപേരെ ആദരിക്കും. ഇതോടൊപ്പം നടൻ വിജയിന്റെ ഏറ്റവും വലിയ കട്ടൗട്ടും സ്ഥാപിക്കും.ചടങ്ങിൽ ചലച്ചിത്ര താരം സണ്ണി വെയ്ൻ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് അസോസിയേഷൻ ഭാരവാഹികളായ അനന്തു, എം.സിജോ, രാഹുൽ, കിരൺ എന്നിവർ പറഞ്ഞു.
2012-ൽ അസോസിയേഷൻ രൂപീകരിച്ചതിന് ശേഷം ജില്ലാ കമ്മിറ്റിയുടെ കീഴിൽ 35 രക്തദാന ക്യാന്പുകൾ നടത്തി.
75 പേർക്ക് തയ്യൽ മെഷീനും അന്‍പതിലധികം പേർക്ക് വൈദ്യസഹായവും രണ്ടായിരത്തിലധികം വിദ്യാർഥികൾക്ക് വർഷം തോറും പഠനോപകരണവും നൽകുന്നു.
ഇതുകൂടാതെ അഞ്ച് വിദ്യാർഥികൾക്കുള്ള പഠനത്തിന് വേണ്ടിയുള്ള ചെലവ് സ്ഥിരമായി വഹിക്കും.
പ്രളയ ദുരിത സമയത്ത് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്ത് ലക്ഷം രൂപയുടെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചതായും ഭാരവാഹികൾ വ്യക്തമാക്കി.