വിജയ് ചിത്രങ്ങള്‍ തിയറ്ററുകളിലുണ്ടാക്കുന്ന ഓളം മറ്റൊരു ചിത്രത്തിനും ഉണ്ടാക്കാനാവില്ല എന്നുള്ളത് ആരാധകര്‍ ഒരുപോലെ അഭിപ്രായപ്പെടുന്ന കാര്യമാണ്. താരത്തിന്റെ ആക്ഷന്‍ സീനുകളും ഗാനരംഗങ്ങളും മാസ് ഡയലോഗുകളും തിയറ്ററുകളെ ഹരം കൊള്ളിക്കാറുണ്ട്. സിനിമയില്‍ നിന്ന് വിട്ട് രാഷ്ട്രീയക്കാരനായി മാറിയ വിജയ് സിനിമകള്‍ക്ക് വേണ്ടി ഇന്നും ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ താരത്തിന്റെ സിനിമകളുടെ റീ റിലീസ് തിയറ്ററുകളും ആരാധകരും ഒരുപോലെ കാത്തിരിക്കാറുണ്ട്.
ഇക്കഴിഞ്ഞ ദിവസമാണ് വിജയ് നായകനായ ജോണ്‍ മഹേന്ദ്രൻ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമായ സച്ചിന് റീ റിലീസിന് എത്തിയത്. വിജയ്യുടെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രമായി കണക്കാക്കപ്പെടുന്ന സിനിമയ്ക്ക് ഇന്നും വലിയ ആരാധകരാണുള്ളത്. 20 വർഷത്തിന് ശേഷമാണ് സച്ചിൻ വീണ്ടും റിലീസ് ചെയ്തത്. റീ റീലിസിലും സിനിമയ്ക്ക് മികച്ച അഭിപ്രായവും കളക്ഷനും ലഭിക്കുന്നുണ്ട്.
ഇപ്പോഴിതാ സിനിമയില്‍ നായികയായ ജെനീലിയ തന്റെ സിനിമ വീണ്ടും തിയറ്ററുകളില്‍ തരംഗം സൃഷ്ടിക്കുന്നതിന്റെ സന്തോഷം പങ്കിടുകയാണ്. റീ റീലിസിലും സിനിമയെ ഏറ്റെടുത്തതില്‍ ആരാധകരോടുള്ള സ്നേഹവും നന്ദിയും പങ്കിടുകയാണ് താരം. തിയേറ്ററില്‍ നിന്നുള്ള ആരാധകരുടെ ആവേശം നിറഞ്ഞ വീഡിയോയും സിനിമയിലെ ഡയലോഗും ഉള്‍ക്കൊള്ളിച്ച സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് താരം തന്റെ സന്തോഷം പങ്കിട്ടത്.
‘‘ഞാൻ നിങ്ങളുടെ ശാലിനി, ഡബിള്‍ ഐ ശാലിനി, 20 വർഷത്തിന് ശേഷം സച്ചിൻ റിലീസ് ചെയ്ത് നിങ്ങള്‍ സിനിമയെ ഏറ്റെടുത്തതില്‍ എനിക്ക് അതിയായ സന്തോഷം ഉണ്ട്. നിങ്ങളുടെ ദളപതി, എന്തൊരു ഭംഗി ആണല്ലേ, ദളപതി ആരാധകരോട് ഒരുപാട് നന്ദിയുണ്ട്, ഈ സിനിമയുടെ റീ റീലീസ് ഉത്സവമാക്കിയതിന്…’’- ജെനീലിയ വീഡിയോയില്‍ പറഞ്ഞു.
തിയറ്ററിനുള്ളിലെ ആരാധകരുടെ ആട്ടവും പാട്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഏപ്രില്‍ 18 ന് റീ റിലീസ് ചെയ്ത സിനിമ 7.20 കോടിയാണ് ഇതുവരെ നേടിയതെന്നാണ് റിപ്പോർട്ടുകള്‍. തമിഴ്നാട് ബോക്സ് ഓഫീസില്‍ ഏറ്റവും അധികം കളക്ഷൻ നേടുന്ന റീ റിലീസുകളില്‍ രണ്ടാം സ്ഥാനത്ത് എത്തുകയാണ് സിനിമ. ബിപാഷ ബസു, സന്താനം, വടിവേലു, രഘുവരൻ തുടങ്ങിയവരാണ് സച്ചിനില്‍ മറ്റു പ്രധാന വേഷത്തില്‍ എത്തുന്നത്. വി ക്രിയേഷൻസിന്റെ ബാനറില്‍ കലൈപുലി എസ് താണു ആയിരുന്നു ചിത്രം നിർമിച്ചത്. വിജയ് ചിത്രം ഗില്ലിയാണ് റീ റിലീസില്‍ ഒന്നാം സ്ഥാനത്തുള്ളത്.