ബര്‍മിംഗ്ഹാം: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ബ്രിട്ടനിലേക്ക് മുങ്ങിയ മദ്യ രാജാവ് വിജയ് മല്യക്കു നേരെ ഇന്ത്യക്കാരുടെ കൂക്കിവിളി. ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം കാണാൻ ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിൽ എത്തിയ മദ്യ രാജാവിനെയാണ് ഇന്ത്യക്കാർ കള്ളൻ, കള്ളൻ എന്ന കൂക്കുവിളിയോടെ നേരിട്ടത്.
കറുത്ത പാന്റും ആകാശ നീല കോട്ടും ധരിച്ചെത്തിയ മല്യ സർ ജാക് ഹോബ്സ് ഗേറ്റിലൂടെ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു കൂക്കുവിളി. ചിലർ മൊബൈൽ കാമറയിൽ ഇത് പകർത്തിയപ്പോൾ കള്ളൻ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നെന്ന് ഒരാൾ വിളിച്ചുകൂവി. ഇതോടെ തിരിഞ്ഞുനോക്കിയ മല്യ അനിഷ്ടം മുഖത്ത് പ്രകടിപ്പിച്ചാണ് സ്റ്റേഡിയത്തിലേക്ക് കയറിപ്പോയത്.
നേരത്തെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി സംഘടിപ്പിച്ച ചാരിറ്റി ഡിന്നറിലും മല്ല്യ പങ്കെടുത്തിരുന്നു. എന്നാൽ അന്ന് താരങ്ങൾ മല്യക്ക് മുഖംകൊടുക്കാതിരുന്നത് വാർത്തയായിരുന്നു. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങൾക്കും കാഴ്ചക്കാരനായി മല്യ എത്തിയിരുന്നു.