ഇന്ത്യന്‍ ജയിലുകള്‍ തന്നെപ്പോലുള്ളവര്‍ക്ക് താമസിക്കാന്‍ പറ്റുന്നതല്ലെന്ന് വിജയ് മല്ല്യ! യൂറോപ്പ്യന്‍ മോഡലിലുള്ള സെല്ലുകള്‍ തയാറാക്കി കഴിഞ്ഞെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍; മദ്യരാജാവിനായി മുഖം മിനുക്കി ആര്‍തര്‍ റോഡ് ജയില്‍

വിവാദ പ്രസ്താവനകളും പ്രവര്‍ത്തികളും മദ്യരാജാവായ മല്യയ്ക്ക് പുതുമയല്ല. ഇത്രയൊക്കെ കേസുകളുടെ ഭാഗമായിട്ടും വിവാദപ്രസ്താവനകള്‍ നടത്തുന്നതില്‍ അദ്ദേഹത്തിന് യാതൊരു ബുദ്ധിമുട്ടും തോന്നുന്നില്ല എന്നതാണ് അതിശയകരം. ഇന്ത്യയിലെ ജയിലുകള്‍ താമസിക്കാന്‍ യോഗ്യമല്ലെന്നും വൃത്തിഹീനമാണെന്നുമുള്ള വിജയ് മല്ല്യയുടെ പ്രസ്താവനയെ പരിഗണിച്ച് ജയിലില്‍ ആവശ്യമായ മാറ്റം വരുത്തിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ആര്‍തര്‍ റോഡ് ജയില്‍. ഇതനുസരിച്ച് ആര്‍തര്‍ റോഡ് ജയിലിലെ നവീകരിച്ച യൂണിറ്റ് നമ്പര്‍ 12 ന്റെ ചിത്രങ്ങളും ജയില്‍ അധികൃതര്‍ മല്ല്യയ്ക്കായി പുറത്തുവിട്ടു. യൂറോപ്പ്യന്‍ ജയിലുകള്‍ക്ക് സമാനമാണ് ഇപ്പോള്‍ ഈ സെല്ലെന്നും അവര്‍ അവകാശപ്പെടുന്നു.

ഭീകരാക്രമണ കേസില്‍ പിടിയ്ക്കപ്പെട്ട അജ്മല്‍ കസബിനെ താമസിപ്പിക്കാനായി പ്രത്യേകം പണി കഴിപ്പിച്ച സെല്ലാണ് യൂണിറ്റ് നമ്പര്‍ 12. ഇന്ത്യന്‍ ബാങ്കുകളില്‍നിന്ന് 9000 കോടിയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്ത കേസില്‍ മല്യയെ വിട്ടുകിട്ടണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദത്തിലാണ് ഇന്ത്യന്‍ ജയിലുകള്‍ തന്നെപ്പോലുള്ളവര്‍ക്ക് താമസിക്കാന്‍ കൊള്ളാത്തതാണെന്ന് മല്ല്യ വ്യക്തമാക്കിയത്. ബ്രിട്ടീഷ് കോടതിയിലാണ് മല്ല്യ അഭിഭാഷകന്‍ മുഖേന ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ ജയിലുകളിലെ ശൗചാലങ്ങളുടെ വൃത്തിഹീനമായ അവസ്ഥയും സര്‍ക്കാര്‍ ആശുപത്രികളിലെ അസൗകര്യങ്ങളുമാണ് അഭിഭാഷകന്‍ ബ്രിട്ടീഷ് കോടതിയെ അറിയിച്ചത്.

പ്രമേഹ രോഗിയായ മല്ല്യക്ക് പ്രത്യേക പരിചരണവും ഗൃഹഭക്ഷണവും വേണമെന്നും അഭിഭാഷകന്‍ വാദിച്ചു. ആവശ്യത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രത്തോട് നിയമോപദേശം തേടുകയും ആവശ്യങ്ങള്‍ അനുവദിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് യൂറോപ്യന്‍ മാതൃകയിലുള്ള ജയില്‍ സജ്ജീകരിക്കാന്‍ ജയില്‍ അധികൃതര്‍ സമ്മതിച്ചു. ആര്‍തര്‍ റോഡ് ജയില്‍ ഇതിന് അനുയോജ്യമാണെന്നും മല്യയുടെ ആവശ്യത്തിനനുസരിച്ച് വേണമെങ്കില്‍ വേറെ നിര്‍മിക്കാമെന്നും അഭ്യന്തര വകുപ്പ് അറിയിച്ചു. ബ്രീട്ടീഷ് കോടതിയില്‍ അടുത്തതവണ കേസ് പരിഗണിക്കുമ്പോള്‍ മല്ല്യയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അഭ്യന്തര വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.

 

Related posts