ഇന്ത്യയിലെ ജയിലുകള്‍ തിങ്ങിനിറഞ്ഞതും ആള്‍ത്തിരക്കേറിയതുമാണെന്ന് മദ്യരാജാവ് വിജയ് മല്യ. ഇന്ത്യന്‍ ജയിലില്‍ തനിക്ക് സുരക്ഷയുണ്ടാവില്ലെന്നും അവ എലിയും പാറ്റയും പാമ്പും നിറഞ്ഞതാണെന്നുമാണെന്നാണ് മല്യ പരാതി ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ജയിലുകള്‍ നരകതുല്യമാണെന്നും അതിനാല്‍ തന്നെ അവിടേയ്ക്ക് നാടുകടത്തരുതെന്നും മല്യ പറഞ്ഞിരുന്നു. ബ്രിട്ടനിലെ കോടതിയില്‍ മല്യ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 9000 കോടി വായ്പയെടുത്ത് ബ്രിട്ടനിലേക്ക് കടന്ന് കളഞ്ഞ മല്യയെ തിരിച്ച് അയക്കണമെന്ന് കേന്ദ്രം ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനെ പ്രതിരോധിക്കാനാണ് ജയിലുകളുടെ അവസ്ഥ മോശമാണെന്ന് വിവരിച്ച് മല്യ ഹര്‍ജി നല്‍കിയത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്നും താന്‍ നിയമങ്ങളെ അനുസരിക്കുന്ന ആളാണെന്നുമായിരുന്നു വിചാരണ നടപടികള്‍ക്കായി ആദ്യ ദിനം കോടതിയില്‍ എത്തിയപ്പോള്‍ മല്യ പറഞ്ഞത്. ഇന്ത്യയിലേക്ക് അയക്കുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും മല്യ വാദിച്ചിരുന്നു. അതേസമയം ജയിലില്‍ സ്വന്തമായൊരു ബാത്ത് അറ്റാച്ച്ഡ് മുറിയും വീട്ടില്‍നിന്ന് പാകം ചെയ്തുകൊണ്ടുവരുന്ന ഭക്ഷണം കഴിക്കാനുള്ള അനുവാദവുമുള്‍പ്പെടെ പലവിധ സൗകര്യങ്ങള്‍ മല്യക്ക് നല്‍കാമെന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വാഗ്ദാനം.
മല്യക്ക് ജയിലില്‍ യാതൊരു കുഴപ്പവും ഉണ്ടാകില്ലെന്നും അവര്‍ അറിയിച്ചു. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ വി.ഐ.പി. സൗകര്യങ്ങളെല്ലാം ഉണ്ടെന്നും അവര്‍ പറയുന്നു. വിചാരണത്തടവുകാര്‍ക്ക് നല്‍കുന്ന ഭക്ഷണം നിലവാരമുള്ളതാണെന്ന് പറഞ്ഞ ഉദ്യോഗസ്ഥര്‍, ജയില്‍ നിയമം അനുസരിച്ച് മല്യക്ക് വേണമെങ്കില്‍ വീട്ടില്‍നിന്ന് ഭക്ഷണം വരുത്തിക്കഴിക്കാവുന്നതാണെന്നും വ്യക്തമാക്കി. ഇന്ത്യയിലെ ജയിലുകളെക്കുറിച്ചുള്ള പാശ്ചാത്യരുടെ കേട്ടുകേള്‍വിയാണ് വെസ്റ്റ്മിനിസ്റ്റര്‍ കോടതിയുള്‍പ്പെടെയുള്ളവരെ സംശയത്തില്‍നിര്‍ത്തുന്നതെന്ന് അധികൃതര്‍ പറയുന്നു. പാശ്ചാത്യ മാധ്യമങ്ങളും അങ്ങനെയാണ് ജയിലുകളെ ചിത്രീകരിച്ചിരിക്കുന്നത്.
ആ കാഴ്ചപ്പാട് മാറ്റാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അധികൃതര്‍ പറഞ്ഞു. ആര്‍തര്‍ റോഡ് ജയിലില്‍ മല്യയെപ്പോലെ വിദേശത്തുനിന്ന് കൊണ്ടുവരുന്ന തടവുകാരെ പാര്‍പ്പിക്കാന്‍ പ്രത്യേക മുറിയുണ്ട്. അതില്‍ ടിവിയും ടോയ്ലറ്റുമുണ്ട്. ഇതേവരെ ഒന്നോ രണ്ടോ പേര്‍ക്കുമാത്രമാണ് ഈ മുറി നല്‍കിയിട്ടുള്ളത്. ജയിലില്‍ മല്യക്ക് യാതൊരു കുഴപ്പവുമുണ്ടാകില്ലെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. മല്യയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള കേസില്‍ വിജയിക്കുമെന്ന ഉത്തമബോധ്യം ഇന്ത്യക്കുണ്ടെന്നും അധികൃതര്‍ പറഞ്ഞു.