പൊതുമേഖലാ ബാങ്കുകളില്‍ 9000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തുകള്‍ പുറത്തുവിട്ടു. പൊതുമേഖലാ ബാങ്കുകളുടെ വായ്പ തിരിച്ചടക്കാനുള്ള എല്ലാ ശ്രമങ്ങളും താന്‍ നടത്തുന്നുണ്ട്.
തന്റെ സ്വത്തുക്കള്‍ വിറ്റ് കടങ്ങള്‍ വീട്ടാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലിക്കും എഴുതിയ രണ്ട് കത്തുകളാണ് മല്യ പുറത്തുവിട്ടത്. 2016 ഏപ്രില്‍ 15ന് ആയിരുന്നു താന്‍ കത്തുകള്‍ നല്‍കിയതെന്നും എന്നാലിതുവരെ കത്തിന് മോദിയോ ജയ്റ്റ്ലിയോ മറുപടി നല്‍കിയില്ലെന്നും മല്യ പ്രസ്താവനയില്‍ പറഞ്ഞു. വായ്പാ തട്ടിപ്പിന്റെ പ്രതീകമായി ഞാന്‍ മാറിയിരിക്കുകയാണ്. ഇത് കൂടാതെ പൊതുജനത്തിന്റെ രോഷത്തിനും ഞാന്‍ പാത്രമായി.
കിംഗ് ഫിഷര്‍ വിമാന കമ്പനിയ്ക്കായി എടുത്ത 9000 കോടി രൂപ വായ്പയുമായി ഞാന്‍ ഒളിച്ചോടിയെന്നാണ് മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നത്. കണ്‍സോര്‍ഷ്യത്തിലെ ബാങ്കുകളില്‍ ചിലത് മനപ്പൂര്‍വം വായ്പ തിരിച്ചടയ്ക്കാത്തവനാണെന്ന് മുദ്ര കുത്തി മല്യ പറഞ്ഞു. ബാങ്കുകളുടെ പരാതിയെ മാത്രം അടിസ്ഥാനമാക്കിയാണ് തനിക്കെതിരെ സിബിഐയും എന്‍ഫോഴ്സ്മെന്റും കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
എന്നാല്‍ തനിക്കെതിരെയുള്ളത് തെറ്റായ ആരോപണങ്ങള്‍ മാത്രമാണ്. തന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. തന്റെ കമ്പനികളും കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ബിസിനസ് സ്ഥാപനങ്ങളള്‍ക്കും കൂടി നിലവില്‍ 13,900 കോടിയുടെ ആസ്തിയുണ്ടെന്നും മല്യ പറഞ്ഞു. 2016 ഏപ്രില്‍ 15ന് പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും എഴുതിയ കത്തിലെ ഉള്ളടക്കം ഇങ്ങനെ.
ലോകത്തെ ഏറ്റവും വലിയ മദ്യ കമ്പനിയടക്കം നിരവധി സ്ഥാനപനങ്ങള്‍ തുടങ്ങി. അതിലൂടെ കോടികള്‍ രാജ്യത്തിന് നികുതിയായി അടച്ചു. രാജ്യ വ്യാപകമായി 100 ഓളം ഫാക്ടറികളിലായി ആയിരങ്ങള്‍ക്ക് താന്‍ ജോലി നല്കി. ഇതൊന്നും മനസ്സിലാക്കാനോ അഭിനന്ദിക്കാനോ ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരാനോ രാജ്യത്തെ മാധ്യമങ്ങള്‍ ശ്രമിച്ചില്ല. ഇപ്പോള്‍ നേരിടുന്ന നിയമ കുരുക്കില്‍ നിന്ന് നീതി ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നാല്‍ രാഷ്ട്രീയ ഇടപെടലുണ്ടാകുമ്പോള്‍ താന്‍ നിസ്സാഹയനാകുന്നുവെന്നും പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ മല്യ വ്യക്തമാക്കുന്നു. അതേസമയം, കടബാധ്യത തീര്‍ക്കുന്നതിനായി കര്‍ണാടക ഹൈക്കോടതിയുടെ അനുമതി മല്യ തേടി. ഇതിന്റെ ഭാഗമായി 22ന് ഹൈക്കോടതിയില്‍ അപേക്ഷ നല്കി. 13,900 കോടിയുടെ ആസ്തി തനിക്കുണ്ടെന്നും അതിനാല്‍ തന്നെ ബാധ്യത തീര്‍ക്കാനാകുമെന്നും മല്യ കോടതിയെ അറിയിച്ചു.