ഇന്ത്യൻ നഗരങ്ങളിൽ പല സ്ഥലത്തും സ്ട്രീറ്റ് ഫുഡ് ധാരാളമായി വിൽക്കപ്പെടുന്നുണ്ട്. സമീപ കാലത്തായി ഏറ്റവും പ്രചാരത്തിലുള്ള ഒന്നാണ് മോമോസുകൾ. ആവിയിൽ വച്ച് പുഴുങ്ങിയെടുക്കുന്ന ചൂടൻ മോമോസുകൾ പല രുചികളിലും പല ഫ്ലേവറുകളിലും ലഭ്യമാണ്. ദിവസേന നിരവധി ആളുകളാണ് ഇത്തരം ചെറുകിട സംരംഭകരിലേക്ക് എത്തുന്നത്. ഇവർക്ക് ഇതിൽ നിന്ന് വലിയ ലാഭം കിട്ടുന്നുവോ എന്ന ചോദ്യം സമൂഹ മാധ്യമങ്ങളിൽ വളരെ വലുതായി ഉയരുന്നതാണ്. ഇപ്പോഴിതാ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം നൽകുന്ന വീഡിയോ ആണ് വൈറലാകുന്നത്.
സാർഥക് സച്ച്ദേവ് എന്ന ഇൻഫ്ലുവൻസറാണ് ഇതിന്റെ വീഡിയോ പങ്കുവച്ചത്. തിരക്കേറിയ ഒരു മോമോ സ്റ്റാളിൽ ഒരുദിവസം ചിലവഴിച്ചുകൊണ്ടാണ് യുവാവ് വീഡിയോ ചെയ്തിരിക്കുന്നത്.
ഇതിനായി സച്ച്ദേവ് ഒരു കച്ചവടക്കാരന്റെ വേഷത്തിൽ വരികയും മോമോസ് വിൽക്കുന്ന കടയിൽ ജോലിക്ക് നിൽക്കുകയും ചെയ്യുന്നു. ശേഷം അവിടെ എങ്ങനെയാണ് കാര്യങ്ങൾ നടക്കുന്നത് എന്ന് നോക്കി പഠിക്കുന്നത് വീഡിയോയിൽ കാണാൻ.
ആവിയിൽ വേവിച്ച മോമോസ് 60 രൂപയ്ക്കും തന്തൂരി മോമോസ് 80 രൂപയ്ക്കുമാണ് ആ കടയിൽ വിറ്റിരുന്നത്. ആദ്യത്തെ 90 മിനിറ്റിനുള്ളിൽ, മോമോസ് വിൽപനക്കാരൻ ഏകദേശം 55 പ്ലേറ്റുകൾ വിറ്റഴിച്ചു. നാല് മണിക്കൂറിനു ശേഷം 121 പ്ലേറ്റ് ആവിയിൽ വേവിച്ച മോമോസും 60-70 പ്ലേറ്റ് തന്തൂരി മോമോസും വിറ്റു പോയി. വൈകുന്നേരമായപ്പോഴേക്കും 13,000 രൂപയാണ് കടക്കാരന് ലഭിച്ചത്.
എല്ലാ ദിവസവും 13000 രൂപയ്ക്കോ അതിനു മുകളിലോ വിൽപന നടത്തിയിരുന്നെങ്കിൽ എത്രത്തോളം പണം അയാൾക്ക് ലഭിക്കുമെന്ന് ഓർത്തു നോക്കു. എന്തായാലും സച്ച്ദേവിന്റെ വീഡിയോ പെട്ടന്ന് വൈറലായി. കഷ്ടപ്പെട്ട് പണിയെടുത്തിട്ടും ഇവിടെ മനുഷ്യന് ഒരു മാസം കിട്ടുന്ന ശന്പളമാണ് അയാൾ വെറും ഒരു ദിവസംകൊണ്ട് ഉണ്ടാക്കുന്നത് എന്നാണ് വീഡിയോ കണ്ടവർ പറയുന്നത്. വല്ല മോമോസും ഉണ്ടാക്കി വിറ്റാൽ മതിയെന്ന് പറഞ്ഞ വിരുതരും കുറവല്ല.