ഒമ്പതാം വയസിലാണ് തളിപ്പറമ്പ് സ്വദേശിയായ വിജയ് നീലകണ്ഠൻ വനത്തികത്തേക്ക് കടക്കുന്നത്. മുംബൈ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിലെ ചിത്രശലഭങ്ങളെ കണ്ട് സ്നേഹിച്ചും അവയെ പിന്തുടർന്നുമായിരുന്നു അന്നു കാട്ടിലേക്കുള്ള ആദ്യയാത്ര. പിന്നീട് ഘോരവനങ്ങളിലൂടെ പ്രകൃതിയെയും മൃഗങ്ങളെയും അറിഞ്ഞുള്ള തീർഥാടനമായി വിജയ്യുടെ ജീവിതം മാറുകയായിരുന്നു. ഇന്ന് പാമ്പുകളുടെ ഉറ്റ സ്നേഹിതനായി മാറി വിജയ്. പഠന വിഷയവും പാമ്പ് തന്നെ.
കേൾക്കുമ്പോൾ തന്നെ എല്ലാവരും ഭീതിയോടെ പേടിച്ചകലുന്ന പാമ്പുകളുടെ രാജാവായ രാജവെമ്പാലകളാണ് വിജയ് നീലകണ്ഠന്റെ പഠനവിഷയം. രാജവെമ്പാലകളടക്കമുള്ളവയുടെ മനോഹരമായ നിരവധി ഫോട്ടോകളാണ് നല്ലൊരു വൈൽഡ് ഫോട്ടോഗ്രാഫർ കൂടിയായ വിജയ്യുടെ കാമറ കണ്ണിലൂടെ പുറത്തെത്തിയിട്ടുള്ളത്. രാജവെമ്പാലകളെ തേടി അവരുടെ സൗഖ്യം അന്വേഷിച്ചു ദിവസങ്ങളോളമാണ് വിജയ് ഉൾവനങ്ങളിൽ സഞ്ചരിക്കുന്നത്. തളിപ്പറമ്പ് സ്വദേശിയും തളിപ്പറമ്പിലെ പെരിഞ്ചല്ലൂർ സംഗീതസഭ സ്ഥാപകനുമായ വിജയ് നീലകണ്ഠനിൽ നിന്ന് നമുക്ക് പാമ്പുകളിലെ രാജാവായ രാജവെമ്പാലയെ കുറിച്ച് അറിയാം.
ഇന്ത്യയിലെ 544 വന്യജീവി സങ്കേതങ്ങളിൽ 327 എണ്ണത്തിലും വിജയ് നീലകണ്ഠൻ സന്ദർശനം നടത്തി. 53 ടൈഗർ റിസർവുകളടക്കം 103 നാഷനൽ വന്യജീവി പാർക്കുകളിൽ 72ലും പല തവണകളായി ഈ വന്യജീവി സംരക്ഷണ പ്രവർത്തകൻ എത്തി. മാങ്ങാട് കേന്ദ്രീയ വിദ്യാലയത്തിൽ നിന്നു പത്താംക്ലാസ് പാസായ വിജയ് നീലകണ്ഠൻ ശേഷം അഞ്ചു വർഷം തളിപ്പറമ്പ് സർ സയ്യിദ് കോളജിലും പഠിച്ചു. വിദേശ സർവകലാശാലയിൽ നിന്ന് ഇന്റർനാഷനൽ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ എംബിഎ നേടി. തുടർന്ന് നിരവധി റിസോർട്ടുകളിൽ ജനറൽ മാനേജരായി ജോലി നോക്കി.
ഈർപ്പമുള്ളിടങ്ങളിളാണ് രാജവെമ്പാലയുടെ വാസം
ഉൾക്കാട്ടിലും കാടിന്റെ അതിർത്തികളിലും മാത്രം കാണപ്പെടുന്ന രാജവെമ്പാലകൾ മനുഷ്യവാസകേന്ദ്രങ്ങളിൽ വരാറില്ലെന്ന് വിജയ് നീലകണ്ഠൻ പറയുന്നു. അവയെ ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ കാണുന്നുണ്ടെങ്കിൽ ഇതിന് അവരുടേതായ കാരണങ്ങളും ഉണ്ട്. “കാട് ഭരിക്കുന്നവരാണ് രാജവെമ്പാലകൾ. ഇവയെക്കുറിച്ചു പഠിക്കണമെങ്കിൽ അവ ജീവിക്കുന്ന കാടിനെക്കുറിച്ചും അവയുടെ ഭക്ഷണങ്ങളാകുന്നവയെക്കുറിച്ചും പഠിക്കണം. അതിനാലാണ് ദിവസങ്ങളോളം കൊടുംകാടുകളിൽ താമസിച്ച് ഇവയെ നിരീക്ഷിക്കുന്നതും പഠിക്കുന്നതും.
രാജവെമ്പാല പ്രധാനമായും വസിക്കുന്നത് ഇന്ത്യൻ ഉപഭൂഖണ്ഡം (ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറു ഭാഗം, ശ്രീലങ്ക എന്നിവ ഒഴികെ), ദക്ഷിണ ചൈന, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ദക്ഷിണപൂർവേഷ്യ എന്നിവിടങ്ങളിലെ മഴക്കാടുകളിലുമാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പർവത പ്രദേശങ്ങളിൽ സമുദ്രനിരപ്പിൽ നിന്ന് 6,500 അടിവരെ ഉയരത്തിൽ രാജവെമ്പാലയുടെ സാന്നിധ്യമുണ്ട്. വനനശീകരണം നിമിത്തവും ഔഷധ ആവശ്യത്തിനെന്ന പേരിൽ വൻതോതിൽ കൊന്നൊടുക്കുന്നതുകൊണ്ടും വംശനാശഭീഷണിയുടെ വക്കിലാണ് രാജവെമ്പാലകൾ.
തടാകങ്ങളും അരുവികളും നിറഞ്ഞ ഭൂപ്രകൃതിയിൽ ജീവിക്കാനാണ് ഇവ ഇഷ്ടപ്പെടുന്നത്. വയനാട്ടിലെ കാടുകളിലും കർണാടക അഗുംബെ വനമേഖലയിലും ഇവ ധാരാളമായി കാണപ്പെടുന്നു. ബ്രഹ്മഗിരി വനങ്ങളിലും ഇവ വസിക്കുന്നു. പൊതുവേ മഹാരാഷ്ട്ര മുതൽ കേരളം വരെയുള്ള പശ്ചിമഘട്ടത്തിൽ ഇവയെ കാണപ്പെടാറുണ്ടെന്നും ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിലും തായ്ലാൻഡ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിലെ ഈർപ്പമുള്ള കാടുകളിലും ഇവയുടെ വാസമുണ്ടെന്നും വിജയ് പറയുന്നു.
പ്രജനന കാലഘട്ടം
നവംബർ മുതൽ ജൂൺ വരെയാണ് രാജവെമ്പാലകളുടെ പ്രജനന കാലഘട്ടം. മേയ് മാസത്തിലാണ് മുട്ടകൾ ഇടുന്നത്. ഈ കാലത്ത് ആൺ രാജവെമ്പാലകൾ പെൺപാമ്പുകളെ തേടിയിറങ്ങും. ഇവയുടെ നാവ് കൊണ്ട് ഇണയുടെ ഗന്ധം തേടി കിലോമീറ്ററുകളോളം സഞ്ചരിക്കും. എന്നാൽ, കാടുകളുടെ അതിർത്തി വിട്ട് ഇവ പോകാറില്ല. അതുകൊണ്ടുതന്നെ, കാടുകളോടു ചേർന്നു ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിലായിരിക്കും ഈ കാലഘട്ടങ്ങളിൽ ഇവയെ കാണുന്നത്. കാടിറങ്ങുന്നത് ഒരിക്കൽ അത് അവരുടെ വാസസ്ഥലമായതുകൊണ്ടു കൂടിയാകണം. വനത്തിൽ തങ്ങളുടെ ഭക്ഷണമായ മറ്റു പാമ്പുകളെ ലഭിക്കാതെ വരുമ്പോഴും ഇവ ഇരതേടി വനാതിർത്തിയിലെ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നു. നഗര പ്രദേശങ്ങളിലേക്കു രാജവെമ്പാലകൾ കടന്നുചെല്ലാനുള്ള സാധ്യത വളരെ കുറവാണ്.
അതുകൊണ്ടുതന്നെ, ഇത്തരത്തിൽ ജനവാസമുള്ള സ്ഥലത്തു നിന്ന് ഇവയെ കണ്ടെത്തിയാൽ അതിനു സമീപത്തുള്ള സുരക്ഷിതമായ സ്ഥലത്തേക്കു വിട്ടയക്കുകയാണ് വേണ്ടത്. ഇതിനുപകരം കിലോമീറ്ററുകൾ അകലെ അവയെ വിട്ടയയ്ക്കുന്നത് ഇണയുടെ ഗന്ധം ലഭിച്ച സ്ഥലത്തേക്ക് അവയെ വീണ്ടും എത്താൻ പ്രേരിപ്പിക്കും, വിജയ് പറഞ്ഞു. ഇണചേരലിനുശേഷം പെൺപാമ്പ് 50 മുതൽ 59 ദിവസത്തിനുശേഷം മുട്ടകൾ ഇടുന്നു. മാർച്ച് അവസാനം മുതൽ മേയ് അവസാനം വരെയുള്ള കാലഘട്ടങ്ങളിൽ ഉണങ്ങിയ ഇല ഉപയോഗിച്ചു കൂടുണ്ടാക്കിയാണ് ഇവ മുട്ടകൾ ഇടുന്നത്.
കൂടുണ്ടാക്കുന്ന ലോകത്തിലെ ഏക പാമ്പ്
മിക്ക കൂടുകളും മരങ്ങളുടെ ചുവട്ടിലാണ് ഉണ്ടാക്കുക. 55 സെന്റിമീറ്റർ വരെ ഉയരത്തിലും 140 സെന്റിമീറ്റർ വീതിയിലും പല പാളികളായാണ് കൂട് നിർമിക്കുന്നത്. മിക്കവാറും ഒരു അറയുമുണ്ടാകും. അതിൽ പെൺ പാമ്പ് മുട്ടയിടുന്നു. ഏഴു മുതൽ 43 വരെ മുട്ടകൾ ഉള്ളതിൽ 66 മുതൽ 105 ദിവസം വരെ കാലയളവിനുശേഷം ആറു മുതൽ 38 വരെ മുട്ടകൾ വിരിയും. 60-70 ദിവസം വരെ പെൺപാമ്പ് കൂടിന് കാവലായി സമീപത്തു തന്നെ ഉണ്ടാവുകയും ചെയ്യും. വിരിയുന്ന കുഞ്ഞുങ്ങൾക്ക് 37.5 മുതൽ 58.5 സെന്റിമീറ്റർ വരെ നീളവും ഒമ്പതു മുതൽ 38 ഗ്രാം വരെ ഭാരവുമുണ്ടാകും.
കുഞ്ഞ് പാമ്പുകളുടെയും വിഷം മാരകം
വിരിഞ്ഞ കുഞ്ഞുങ്ങളുടെ വിഷം മുതിർന്ന പാമ്പുകളുടേതു പോലെ ശക്തമാണ്. തിളങ്ങുന്ന അവയുടെ നിറങ്ങൾ പക്വത പ്രാപിക്കുമ്പോൾ പലപ്പോഴും മങ്ങുന്നു. അവർ ജാഗരൂകരാണ്, അസ്വസ്ഥരാകുന്നുവെങ്കിൽ വളരെ ആക്രമണകാരികളാണ്. ശരാശരി ആയുസ് 20 വർഷമാണ്. കൊട്ടിയൂരിൽ മുട്ടയിട്ട ശേഷം പെൺപാമ്പ് ഉപേക്ഷിച്ച കൂട് കണ്ടെത്തിയപ്പോൾ വിജയ് നീലകണ്ഠന്റെ നേതൃത്വത്തിൽ ഇവയിലെ മുട്ടകൾ വിരിയിച്ചെടുത്തിരുന്നു. രാജവെമ്പാലയുടെ മുഖ്യ ആഹാരം മറ്റു പാമ്പുകൾ തന്നെയാണ്. ഇവയിൽ വിഷമുള്ളവയും ഇല്ലാത്തവും ഉൾപ്പെടുന്നു.
എന്നിരുന്നാലും ആഹാരത്തിനു ദൗർലഭ്യം നേരിടുമ്പോൾ ഉടുമ്പിനെ ഭക്ഷിക്കുന്നതായി കണ്ടിട്ടുണ്ട്. ആഹാരം ദഹിക്കുന്നതിനുള്ള കാലതാമസം കാരണം വയർ നിറയെ ഒരിക്കൽ ആഹരിച്ചുകഴിഞ്ഞാൽ മാസങ്ങളോളം ഇവയ്ക്ക് ഇരതേടാതെ ജീവിക്കുവാനാകും. പകൽ സമയങ്ങളിൽ ഇരതേടുന്ന രാജവെമ്പാലയെ ദുർലഭമായെങ്കിലും രാത്രികാലങ്ങളിലും കാണാറുണ്ടെന്നും വിജയ് നീലകണ്ഠൻ പറഞ്ഞു. സംസ്ഥാനത്ത് വനംവകുപ്പിന്റെ കീഴിൽ 1,500 ഓളം വോളണ്ടിയർമാർ വന്യജീവി സംരക്ഷകരായി (വൈൽഡ് ലൈഫ് റെസ്ക്യൂവേഴ്സ്) പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഇതിൽ 15 ഓളം പേർ മാത്രമാണ് രാജവെമ്പാലയെ കൈകാര്യം ചെയ്യുന്നത്.
പാമ്പുകൾക്ക് പുറമെ സംഗീതമാണ് വിജയ് നീലകണ്ഠന്റെ മറ്റൊരു ഇഷ്ട മേഖല. ഇന്ത്യയിലെ മികച്ച സംഗീതജ്ഞരുടെ സംഗീതം സാധാരക്കാരിലടക്കം എത്തിക്കുക എന്ന ലക്ഷ്യവുമായി പെരിഞ്ചല്ലൂർ സംഗീതസഭ സ്ഥാപിച്ച വിജയ് നീലകണ്ഠൻ സംഗീതജ്ഞരേയും, സംഗീത പ്രേമികളേയും ഹൃദയത്തോട് ചേർത്ത് നിർത്തുന്നയാളാണ്. പെരിഞ്ചല്ലൂർ സംഗീതസഭയിൽ ഇതിനകം ലോക പ്രശസ്ത സംഗീതജ്ഞരുടെ 71 കച്ചേരികൾ നടന്നു കഴിഞ്ഞു.
ശ്രീകാന്ത് പാണപ്പുഴ