തിരുവനന്തപുരം: ഡോ. വിജയ് പി.നായർ സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ യുട്യൂബിൽ പ്രചരിപ്പിച്ചതിനെതിരേ ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി നൽകിയ കേസിൽ തുടർ നടപടികൾ സ്വീകരിക്കാൻ പോലീസ് നിയമോപദേശം തേടി.
പ്രതിക്കെതിരേ ഐടി ആക്ട് നിലനിൽക്കാൻ സാധ്യത ഉണ്ടോയെന്ന് സ്ഥിരീകരിക്കാനാണ് നിയമോപദേശം. അതേ സമയം യു ട്യൂബിൽ പ്രചരിക്കുന്ന വീഡിയോ നീക്കം ചെയ്യാൻ പോലീസ് ഗൂഗിളിനും യു ട്യൂബിനും കത്ത് നൽകിയിട്ടുണ്ട്.
തന്നെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കുമെതിരേ വിജയ് പി.നായരും പരാതി നൽകിയിട്ടുണ്ട്. അതേ സമയം വിജയ് പി.നായരുടെ സൈക്കോളജി ബിരുദം വ്യാജമാണെന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സംഘടനയുടെ പ്രസ്തവന ശ്രദ്ധയിൽപ്പെട്ടതായും ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും തന്പാനൂർ പോലീസ് പറഞ്ഞു.
വിജയ് പി.നായരുടെ വിവാദ വീഡിയോ ഇപ്പോൾ യു ട്യൂബിലെ മറ്റു ചില ചാനലുകൾ വഴിയും പ്രചരിക്കുന്നുണ്ട്. കയ്യേറ്റത്തിനു ശേഷവും വിജയ് പി.നായരുടെ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നവരുടെ എണ്ണം കൂടുകയാണ്.
പതിനായിരത്തോളം പേരാണ് പുതുതായി ഇയാളുടെ ചാനൽ സബ് സ്ക്രൈബ് ചെയ്തത്. വിജയ് പി .നായരോട് ലോഡ്ജ് വിട്ട് പുറത്ത് പോവരുതെന്ന് പോലീസ് നിർദേശിച്ചിട്ടുണ്ട്.