അശ്ലീലം പറയുന്ന വീഡിയോകളിലൂടെ ഇതിനോടകം കുപ്രസിദ്ധനായ വിജയ് പി നായര്‍ക്കെതിരേ കേസെടുത്തിട്ടും യൂട്യൂബില്‍ നിന്നും അശ്ലീല വീഡിയോ ഇതുവരെ ഡിലീറ്റ് ചെയ്യപ്പെട്ടിട്ടില്ലെന്ന് വിവരം. വീഡിയോ ഡിലീറ്റ് ചെയ്യാന്‍ പോലീസ് ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടുമില്ല.
ഇപ്പോഴും നിരവധിപ്പേരാണ് ഇത് കാണുന്നത്. എന്നാല്‍, വിഷയത്തില്‍ സൈബര്‍ പരിശോധനകള്‍ തുടരുകയാണെന്നാണ് പോലീസിന്റെ വിശദീകരണം.
വീഡിയോ ഡിലീറ്റാക്കിയെന്ന് വിജയ് പറഞ്ഞെങ്കിലും ഇപ്പോഴും ആ വീഡിയോയും അശ്ലീലം നിറഞ്ഞ ഒട്ടേറെ വീഡിയോകളുള്ള അദേഹത്തിന്റെ യൂട്യൂബ് ചാനലും സജീവമായി തുടരുകയാണ്.
സ്ത്രീകളുടെ കൈയ്യേറ്റത്തിനിരയായ ശേഷം ഇയാളുടെ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ കൂടുകയും ചെയ്തിട്ടുണ്ട്. പോലീസിന്റെ നടപടി വൈകുന്നതോടെ കാഴ്ചക്കാരുടെ എണ്ണ്ം ആയിരങ്ങളിലേക്ക് ലക്ഷങ്ങളിലേക്ക് കടക്കും.
ഇന്ന് സൈബര്‍ സെല്‍ വീഡിയോ പരിശോധിക്കുമെന്നും അതിന് ശേഷം യൂട്യൂബിന് അപേക്ഷ നല്‍കുമെന്നുമാണ് പോലീസിന്റെ വിശദീകരണം. ഇതോടെ അശ്ലീല വിഡിയോ കേസിലെ നടപടി വൈകിയേക്കും.
കരി ഓയില്‍ പ്രയോഗത്തിനും മര്‍ദനത്തിനും വഴിവച്ച വിജയ് പി.നായരുടെ വീഡിയോ സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുന്നതെന്ന് വ്യക്തമായതോടെയാണ് പൊലീസ് കേസെടുത്തത്.
ജാമ്യം കിട്ടുന്ന നിസാരവകുപ്പുകള്‍ പ്രകാരമാണ് കേസെന്ന് മാത്രമല്ല, ആ വീഡിയോക്കെതിരെയും കാര്യമായ നടപടി പൊലീസ് സ്വീകരിക്കുന്നില്ല. അതേസമയം, കയ്യേറ്റം ചെയ്തതിന് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും എതിരെയുള്ള കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കില്ല.