ചെന്നൈ: ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത നടന് വിജയിയുടെ ചോദ്യം ചെയ്യല്‍ പതിനേഴാം മണിക്കൂർ പിന്നിടുന്നു. ചെന്നൈ പാനൂരിലെ വസതിയിലാണ് ചോദ്യം ചെയ്യലും പരിശോധനയും നടക്കുന്നത്.
അര്‍ധരാത്രിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി. ബിഗില്‍ സിനിമയുടെ ആദായ നികുതി റിട്ടേണുകള്‍ സംബന്ധിച്ചാണ് തെളിവെടുപ്പ്. ഇതുസംബന്ധിച്ച് ആദായനികുതി വകുപ്പ് ഔദ്യോഗിക പ്രസ്താവനകള്‍ നടത്തിയിട്ടില്ല.
ഷൂട്ടിംഗ് ലൊക്കേഷിലെത്തി ചോദ്യം ചെയ്തശേഷമാണ് വിജയ് യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തത്. റെയ്ഡിന്റെ ഭാഗമായി മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ നെയ്വേലിയിലെ ഷൂട്ടിംഗ് സൈറ്റിലാണ് ആദ്യം വിജയിയെ ചോദ്യംചെയ്തത്.
വിശദമായി ചോദ്യം ചെയ്യലിനായി ചെന്നൈ ആദായ നികുതി ഓഫീസില്‍ ഹാജരാകാന്‍ വിജയിനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തി താരം ചെന്നൈയിലേക്കു പുറപ്പെട്ടത്.
നേരത്തെ വിജയിന്റെ വിരുഗന്പാക്കത്തെ വസതിയിലും പ്രമുഖ സിനിമാ നിര്‍മാതാക്കളായ എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ഓഫീസുകളിലും ആദായനികുതി ജിഎസ്ടി വിഭാഗം റെയ്ഡ് നടത്തിയിരുന്നു.
ബോക്സ് ഓഫീസ് വിജയം നേടിയ വിജയ് ചിത്രം ബിഗിലിന്റെ നിര്‍മാതാക്കള്‍ എജിഎസ് പ്രൊഡക്ഷനാണ്. 190 കോടി രൂപ മുടക്കി നിര്‍മിച്ച ചിത്രം തിയറ്ററുകളില്‍നിന്ന് 300 കോടി കളക്ട് ചെയ്തെന്നാണ് വിവരം.
നികുതി വെട്ടിപ്പ് നടന്നെന്ന പരാതിയെത്തുടര്‍ന്നാണ് ആദായ നികുതി വകുപ്പിന്റെ വിവിധ സംഘം എജിഎസ് ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയത്.
എജിഎസ് എന്റര്ടെയിന്മെന്റ്സ് സ്ഥാപകന്‍ കല്പാത്തി എസ്. അഗോരത്തിന്റെ വീട്ടിലും ഓഫീസിലുമായി 38 ഇടത്ത് റെയ്ഡ് നടത്തിയെന്നും കണക്കില്‍പ്പെടാത്ത 25 കോടി രൂപ പിടിച്ചെടുത്തതായും ആദായ നികുതി വകുപ്പ് അറിയിച്ചു.
വിരുഗന്പാക്കത്തെ വിജയ്യുടെ വസതിയില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ രണ്ടു മണിക്കൂര്‍ പരിശോധ നട ത്തി. ഇവിടെനിന്ന് ഒന്നും കണ്ടെടുക്കാനായില്ല.
ബിഗില്‍ ചിത്രവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും ബിഗിലില്‍ അഭിനയിക്കുന്നതിന് എത്ര രൂപ പ്രതിഫലം പറ്റിയെന്നുമാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിജയിയോട് ചോദിച്ചത്. മധുര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മാതാവ് അന്‍പു ചെഴിയാന്റെ ഓഫീസിലും റെയ്ഡ് നടന്നിട്ടുണ്ട്.
വിജയ് സിനിമകളില്‍ പതിവായി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ബിജെപിയെ പ്രകോപിപ്പിച്ചിരുന്നു. തമിഴ്നാട്ടിലെ ബിജെപി നേതാക്കള്‍ പലതവണ വിജയ്ക്കെതിരേ പ്രസ്താവനകളുമായി രംഗത്തു വന്നിട്ടുണ്ട്.
വിജയ് നായകനായ മെര്‍സല്‍ എന്ന ചിത്രത്തില്‍ ജിഎസ്ടി നികുതിയെ പരിഹസിച്ചുള്ള സംഭാഷണം ബിജെപി പ്രവര്‍ത്തകരെ ഏറെ പ്രകോപിതരാക്കിയിരുന്നു. നോട്ടുനിരോധനത്തെക്കുറിച്ചും ചിത്രത്തില്‍ പ്രതികൂല പരാമര്‍ശമുണ്ടായിരുന്നു.