ഡൽഹി: അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് സ്വന്തം രാഷ്ട്രീയ പ്രസ്ഥാനത്തിന് തുടക്കമിട്ട് വിജയ്. രാഷ്ട്രീയ പ്രവർത്തനം തനിക്കൊരു ഹോബിയല്ലെന്നും താരം വ്യക്തമാക്കി. എന്നാൽ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയ്യുടെ രാഷ്ട്രീയ പാർട്ടി മത്സരിക്കില്ല.
ആരെയും ഈ തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കില്ലെന്നും രണ്ട് വർഷത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച് ഭരണം പിടിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച പാർട്ടിയുടെ ആദ്യയോഗം നടക്കും. ജില്ലാ സെക്രട്ടറിമാരുമായി ശനിയാഴ്ച വിജയ് കൂടിക്കാഴ്ച നടത്തുന്നതാണ്.
ജനുവരി 26ന് വീട്ടിൽ വിളിച്ചു ചേർത്ത പാർട്ടി നേതാക്കളുടെ യോഗത്തിൽ തന്നെ വിജയ് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ആരാധക കൂട്ടായ്മ ആയ വിജയ് മക്കൾ ഇയക്കത്തിന്റെ യോഗത്തിൽ വച്ചാണ് സ്വന്തം പാര്‍ട്ടിയായ തമിഴക വെട്രി കഴകം തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റര്‍ ചെയ്യാനുള്ള തീരുമാനം വിജയ് അറിയിച്ചത്. വിജയ് മക്കൾ ഇയക്കത്തിന്റെ ജനറൽ സെക്രട്ടറി ബുസി ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് ദില്ലിയിലെത്തി രജിസ്ട്രേഷൻ നടപടികൾ പൂര്‍ത്തിയാക്കിയത്.
ചെന്നൈയിൽ കഴിഞ്ഞ ദിവസം ചേര്‍ന്ന വിജയ് മക്കൾ ഇയക്കത്തിന്റെ യോഗത്തിൽ മൂന്ന് മണിക്കൂറിലേറെ നേരം വിജയ് പങ്കെടുത്തിരുന്നു. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്നെ മത്സരിക്കണമെന്ന ആവശ്യം ആരാധക കൂട്ടായ്മയുടെ നേതൃത്വത്തിലെ പ്രമുഖര്‍ യോഗത്തിൽ മുന്നോട്ട് വച്ചിരുന്നു. എന്നാൽ 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാവണം പ്രവർത്തിക്കേണ്ടതെന്ന് വിജയ് വ്യക്തമാക്കി.