ചെന്നൈ: അംഗത്വ വിതരണം ആരംഭിച്ച് 24 മണിക്കൂറുകൾക്കുള്ളിൽ 30 ലക്ഷംപേർ പാർട്ടിയിൽ ചേർന്നതായി നടൻ വിജയ്യുടെ തമിഴക വെട്രിക് കഴകം അവകാശപ്പെട്ടു.
വിജയ് കഴിഞ്ഞ മാസമാണ് പുതിയ പാർട്ടി പ്രഖ്യാപിച്ചത്. പ്രത്യേക മൊബൈൽ ആപ് വഴി പാർട്ടിയിൽ അംഗമാകുന്ന കാംപെയ്ൻ കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ചു. ആദ്യ അംഗമായി വിജയ് ചേർന്നിരുന്നു.
എന്നാൽ പ്രവർത്തനം ആരംഭിച്ച് മിനിറ്റുകൾക്കകം ആപ് തകരാറിലായി. ഒരേ സമയം ഒട്ടേറെയാളുകൾ അംഗത്വമെടുക്കാൻ ശ്രമിച്ചതാണ് ഇതിന് കാരണമെന്നും തകരാർ പരിഹരിച്ചതായും ഭാരവാഹികൾ വ്യക്തമാക്കി.
തകരാർ പരിഹരിച്ചതിന് പിന്നാലെ 24 മണിക്കൂറിനകം 30ലക്ഷം പേരാണ് അംഗത്വമെടുത്തത്. 2 കോടി അംഗങ്ങളെ പാർട്ടിയിൽ ചേർക്കാനാണ് ലക്ഷ്യമിടുന്നതെന്നും പാർട്ടി ഭാരവാഹികൾ കൂട്ടിച്ചേർത്തു.