ചെന്നൈ: ആദായ നികുതി ഒാഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടൻ വിജയ്ക്ക് നോട്ടീസ്. മൂന്നു ദിവസത്തിനുള്ളിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ നൽകിയിരിക്കുന്ന നിർദേശം. കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിൽ വിജയ്യുടെ വീട്ടിൽ ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.
വിജയ്യെ മുപ്പതു മണിക്കൂർ ചോദ്യം ചെയ്തശേഷം വ്യാഴാഴ്ച രാത്രി ഒന്‍പതോടെയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽനിന്നു മടങ്ങിയത്. നടൻ വിജയ്യുടെ പ്രതിഫലം, നിക്ഷേപം എന്നിവയെക്കുറിച്ച് അന്വേഷണം നടത്തുമെന്നും 300 കോടിയിലധികം രൂപ തമിഴ്സിനിമ മേഖല വെട്ടിച്ചിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് പറഞ്ഞു.
ഇതിനു പിന്നാലെയാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്. 2017 ൽ പുറത്തിറങ്ങിയ മെർസലിൽ ജിഎസ്ടിയെയും നോട്ട് നിരോധനത്തെയും വിജയ് കഥാപാത്രം വിമർശിച്ചിരുന്നു. വിജയ് സിനിമകളില്‍ പതിവായി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ബിജെപിയെ പ്രകോപിപ്പിച്ചിരുന്നു.
തമിഴ്നാട്ടിലെ ബിജെപി നേതാക്കള്‍ പലതവണ വിജയ്ക്കെതിരേ പ്രസ്താവനകളുമായി രംഗത്തു വന്നിട്ടുണ്ട്. രണ്ടുവര്‍ഷം മുന്‍പും ആദായ നികുതി വകുപ്പ് വിജയ്യുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു.
2015 ല്‍ പുറത്തിറങ്ങിയ പുലി സിനിമയുടെ കണക്കുകളില്‍ ക്രമക്കേടുണ്ട് എന്നാരോപിച്ചായിരുന്നു അത്. എന്നാല്‍ പിന്നീട് താരത്തിന് ആദായനികുതി വകുപ്പ് ക്ലീന്‍ചിറ്റ് നല്കി.
ഷൂട്ടിംഗിന് സ്ഥലം നൽകരുതെന്ന് ആവശ്യം
അതേസമയം വിജയ് ചിത്രം മാസ്റ്റർ ചിത്രീകരിക്കുന്ന നെയ്വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ ഭൂമി സിനിമാ ആവശ്യങ്ങൾക്ക് നൽകരുതെന്ന് ആവശ്യപ്പെട്ട് ബിജെപി മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ രംഗത്തെത്തി.
നിരോധിത മേഖല സിനിമ ചിത്രീകരണത്തിന് നൽകുന്നത് അവസാനിപ്പിക്കണമെന്നാണ് പൊൻ രാധാകൃഷ്ണന്റെ ആവശ്യം. ആദായ നികുതി പരിശോധനയുമായി ബന്ധപ്പെട്ട് വിജയ് ആരാധകരും ബിജെപിയും നേർക്കുനേർ വന്നതിന് ശേഷമാണ് ബിജെപി ആവശ്യം ഉന്നയിക്കുന്നത്.
കഴിഞ്ഞ 25 വർഷത്തിനിടയിൽ 16 ചിത്രങ്ങൾ ചിത്രീകരിച്ചപ്പോൾ ഇല്ലാത്ത ആരോപണം ഇപ്പോൾ ഉന്നയിക്കുന്നതിന്റെ യുക്തിയെ ഫിലിം എംപ്ലോയിസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്സി) അദ്ധ്യക്ഷൻ ആർ.കെ ശെൽവമണി ചോദ്യം ചെയ്തു. ഇത്തരം പ്രക്ഷോഭങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് ചിത്രീകരണം കൊണ്ടുപോകുന്നതിന് താരങ്ങളെ പ്രേരിപ്പിക്കും.
ഇത് തമിഴ് സിനിമയിൽ ജോലിയെടുക്കുന്നവരുടെ ജീവിത വരുമാനത്തെ തകർക്കുന്നതാണെന്നും ശെൽവമണി പറഞ്ഞു. സൂപ്പർതാരങ്ങളിൽ വിജയ് മാത്രമാണ് തമിഴ്നാട്ടിൽ ചിത്രീകരണം നടത്തുന്നത്. മറ്റു താരങ്ങളായ രജനീകാന്തും അജിത്തും സർക്കാരിൽ നിന്നും പാർട്ടികളിൽ നിന്നുമുള്ള പ്രശ്നങ്ങളാൽ മറ്റ് സംസ്ഥാനങ്ങളിലാണ് ചിത്രീകരണം നടത്തുന്നതെന്നും ശെൽവമണി പറഞ്ഞു.
“ഇളയദളപതി രാഷ്ട്രീയത്തിലേക്ക്’
ബിജെപിക്ക് തിരിച്ചടി കൊടുക്കാൻ “ഇളയദളപതി’ രാഷ്ട്രീയത്തിലേക്ക് എന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ സജീവമായി. രണ്ടുദിവസം പരിശോധന നടത്തിയിട്ടും കണക്കിൽപ്പെടാത്ത ഒരുരൂപപോലും വിജയ്യുടെ വീട്ടിൽനിന്ന് പിടിച്ചെടുക്കാൻ ആദായനികുതി വകുപ്പിന് കഴിഞ്ഞില്ലെന്നും തങ്ങളുടെ ആരാധനാപാത്രം സംശുദ്ധനാണെന്ന് ഇതുതെളിയിച്ചുവെന്നും ഇവർ വാദിക്കുന്നു.
കഴിഞ്ഞ കുറേവർഷങ്ങളായി വിജയ്യുടെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഇതുസംബന്ധിച്ച് നേരിട്ട് പ്രതികരിക്കാൻ താരം തയ്യാറായിട്ടില്ല.