അന്ന് മോഹന്‍ലാലിനു വേണ്ടി ഡബ്ബ് ചെയ്യുമ്പോള്‍ പയ്യന്റെ പേര് വിജയ്; എന്നാല്‍ ഇന്ന് ആ പയ്യന്‍ അങ്ങു വളര്‍ന്നു; പിടിച്ചാല്‍ കിട്ടാത്ത താരമായി

ഇന്ന് കോളിവുഡിലെ മിന്നും താരങ്ങളിലൊരാളാണ് വിജയ് സേതുപതി. എന്നാല്‍ വിജയ് സേതുപതിയ്ക്ക് അധികം ആര്‍ക്കുമറിയാത്ത ഒരു ഭൂതകാലം ഉണ്ട്. പണ്ട് ഡബ്ബിങ് ആര്‍ട്ടിസ്റ്റായും താരം തിളങ്ങിയിട്ടുണ്ട്.സിനിമ മോഹം തലയില്‍ കയറിയപ്പോള്‍ ഏതെങ്കിലും വിധേന സിനിമയില്‍ എത്തിയാല്‍ മതിയെന്ന ചിന്തയില്‍ നിന്നാണ് ഡബ്ബിങിലേയ്ക്ക് എത്തിയത്. അവിടെയും തിളങ്ങി. മോഹന്‍ലാല്‍ നായകനായ ‘വരവേല്‍പ്പ്’ എന്ന ചിത്രം തമിഴിലെത്തിയപ്പോള്‍ ശബ്ദം കൊടുത്തത് സേതുപതിയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സിനിമാ വഴികളെക്കുറിച്ച് സേതുപതി പറഞ്ഞത്.

ആരാണ് വിജയ്‌യുടെ ഹീറോ എന്ന ചോദ്യത്തിന് ‘നാന്‍ താ എന്നുടെ ഹീറോ’ എന്നാണ് മറുപടി. ഓരോ നടന്മാരുടെയും അഭിനയം പണ്ടേ ശ്രദ്ധിച്ചിരുന്നു. ഷോട്ട് എടുക്കുന്ന സമയത്ത് അവര്‍ എന്തൊക്കെയാണ് ചിന്തിക്കുക എന്ന് ആലോചിക്കാറുണ്ട്. ഭാര്യയും മക്കളുമാണ് ഏറ്റവും വലിയ ആരാധകര്‍. പുറത്തു പോകുമ്പോള്‍ ആളുകള്‍ സ്‌നേഹത്തോടെ കെട്ടിപ്പിടിക്കുന്നതും ഉമ്മ തരുന്നതുമൊന്നും മക്കള്‍ക്ക് ഇഷ്ടമല്ല. അച്ഛനെ ആരും കെട്ടിപ്പിടിക്കേണ്ടെന്നാണ് പറയുന്നത്. കൊല്ലം സ്വദേശി ജെസ്സിയാണ് ഭാര്യ. സിനിമ ആഗ്രഹം പറഞ്ഞപ്പോള്‍ എതിര്‍ക്കാതെ കൂടെ നിന്നു. ഇപ്പോഴും അതേ പിന്തുണ തരുന്നെന്നും സേതുപതി വാചാലനായി.വിക്രം വേദ റിലീസായ ശേഷം കേരളത്തില്‍ നിന്നും നിരവധി മെസ്സേജുകള്‍ ഫെയ്‌സ്ബുക്ക് വഴി ലഭിക്കാറുണ്ട്. തീര്‍ച്ചയായും മലയാളി ആരാധകരെ കാണാന്‍ കേരളത്തിലേയ്ക്ക് വരുമെന്നും സേതുപതി പറഞ്ഞു.

 

Related posts