തമിഴ് സിനിമയിലെ ഇപ്പോഴത്തെ മിന്നും താരമാണ് വിജയ് സേതുപതി. സിനിമകളുടെ വ്യത്യസ്ഥത കൊണ്ടും പ്രകടനമികവു കൊണ്ടും ഇങ്ങ് കേരളത്തില്‍ വരെ വിജയ് സേതുപതി ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. സാമൂഹിക വിഷയങ്ങളില്‍ തന്റെ അഭിപ്രായം തുറന്നു പറയാന്‍ മടിയില്ലാത്തതും വിജയ് സേതുപതിയുടെ പ്രത്യേകതയാണ്. വിജയ് സേതുപതിയുടെ ആ നിലപാടുകളുടെ ചൂട് ആണ് ജീവയുടെ കീ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ കണ്ടത്. ഓഡിയോ ലോഞ്ച് ചടങ്ങ് നിര്‍മാതാക്കളുടെ സംഘടനയുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദിയായി മാറിയപ്പോഴാണ് വിജയ് സേതുപതി ക്ഷുഭിതനായി പ്രതികരിച്ചത്. വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ശ്രമിച്ച അദ്ദേഹത്തെ സംഘാടകര്‍ ഏറെ പണിപ്പെട്ടാണ് അനുനയിപ്പിച്ചത്.
ഓഡിയോ ലോഞ്ചിലെത്തിയ നിര്‍മാതാക്കള്‍ സംസാരിക്കാന്‍ അവസരം കിട്ടിയപ്പോള്‍ പരസ്പരമുള്ള വിഴുപ്പലക്കല്‍ തുടങ്ങിയപ്പോഴാണ് വേദിയിലെ മറ്റ് അതിഥികളോടു യാത്ര പറഞ്ഞ് വിജയ് സേതുപതി വേദി വിടാനൊരുങ്ങിയത്. വിജയ് സേതുപതിയുടെ ഇത്തരത്തില്‍ പെരുമാറിയതിനെത്തുടര്‍ന്നാണ് രംഗം ഒന്നു ശാന്തമായത്.സംഘാടകരുടെ അഭ്യര്‍ഥന മാനിച്ച് തിരിച്ചെത്തിയ അദ്ദേഹം ഈ സംഭവത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
നിര്‍മാതാക്കളുടെ സംഘടനാ പ്രശ്നങ്ങള്‍ സംസാരിക്കേണ്ട ചടങ്ങില്ല ഇവിടം. ഇതൊരു പൊതു ചടങ്ങാണ്. എന്തിനാണ് ഇവിടെ വന്നത് എന്നോര്‍ത്ത് താന്‍ അത്ഭുതപ്പെട്ടു പോയി. വിജയ് സേതുപതി പറഞ്ഞു തീര്‍ത്തും നിരാശാജനകമാണിത്. പൊതുജനങ്ങള്‍ക്കിടയില്‍ സിനിമാക്കാരെ കുറിച്ച് മോശം അഭിപ്രായം സൃഷ്ടിക്കുന്നത് ഇത്തരം സംഭവങ്ങളാണ്. ഒരു സിനിമയെ വിജയിപ്പിക്കാന്‍ ഓരോരുത്തരം അത്രമാത്രം കഷ്ടപ്പാടാണ് സഹിക്കുന്നത്. പക്ഷേ നാലു പടം തുടരെ തുടരെ വിജയിക്കാതെ പോയാല്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് എത്ര വലിയ താരവും പുറത്താകും. അവര്‍ക്കുള്ള ബഹുമാനവും പോകും. അതുകൊണ്ട് നമുക്ക് പരസ്പര ബഹുമാനത്തോടെ സഹകരിക്കാം. വിജയ് സേതുപതി പറഞ്ഞു. കലീസാണ് ചിത്രത്തിന്റെ സംവിധായകന്. എസ്.മൈക്കിള്‍ രായപ്പനാണു സിനിമ നിര്‍മിക്കുന്നത്.