ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിസ്ഥാനത്തേക്കു ജനം ഏറ്റവും ഇഷ്ടപ്പെടുന്നത് ആരെ? സി വോട്ടർ നടത്തിയ സർവേയിൽ ദ്രാവിഡമണ്ണിന്റെ തലവര മാറ്റിയ, അഞ്ചുതവണ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കലൈഞ്ജർ എം. കരുണാനിധിയുടെ മകൻ എം.കെ. സ്റ്റാലിൻതന്നെയാണ് ഒന്നാം സ്ഥാനത്ത്.
സർവേയിൽ പങ്കെടുത്ത 27 ശതമാനം പേരും ഡിഎംകെ നേതാവ് സ്റ്റാലിനെ അനുകൂലിക്കുന്നു. അതേസമയം, നടനും രാഷ്ട്രീയക്കാരനുമായ വിജയ് രണ്ടാം സ്ഥാനം നേടിയതു സംസ്ഥാനത്ത് ഒരു രാഷ്ട്രീയ മാറ്റത്തിനു സാധ്യതയുണ്ടെന്ന സൂചനയാണു നൽകുന്നതെന്നും സർവേഫലം ചൂണ്ടിക്കാണിക്കുന്നു.
തമിഴക വെട്രി കഴകം (ടിവികെ) മേധാവി വിജയ്ക്ക് 18 ശതമാനം വോട്ടുകൾ ലഭിച്ചു. പ്രതിപക്ഷ നേതാവും എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസ്വാമി 10 ശതമാനം പിന്തുണയോടെ മൂന്നാം സ്ഥാനത്തെത്തിയപ്പോൾ തമിഴ്നാട് ബിജെപി മേധാവി കെ. അണ്ണാമലൈ ഒന്പതു ശതമാനം വോട്ട് നേടി.
സ്റ്റാലിന്റെ നേതൃത്വത്തോടുള്ള താത്പര്യമാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ റേറ്റിംഗ് മറ്റുള്ളവരേക്കാൾ വളരെ മുന്നിലാണ്. എങ്കിലും, വിജയ് രണ്ടാം സ്ഥാനത്തെത്തിയത് നടന്റെ വർധിച്ചുവരുന്ന പിന്തുണയെ എടുത്തുകാണിക്കുന്നു. വിജയ്യുടെ ജനപിന്തുണയെ ഗൗരവമായാണ് രാഷ്ട്രീയനിരീക്ഷകർ കാണുന്നത്.