തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള ഗായകനായ വിജയ് യേശുദാസ് ഇനി മലയാള സിനിമയില്‍ പാടില്ലെന്ന് പറഞ്ഞുവെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്ത മലയാളികളെയാകെ ഞെട്ടിച്ചിരുന്നു.
മലയാള സിനിമയില്‍ നിന്നുള്ള അവഗണനയില്‍ മനംമടുത്താണ് മലയാളത്തില്‍ പാടുന്നത് അവസാനിപ്പിക്കുന്നതെന്ന് വിജയ് വ്യക്തമാക്കിയതായാണ് വാര്‍ത്തകള്‍ വന്നത്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഗായകന്‍ ഇങ്ങനെ പറഞ്ഞതായുള്ള വാര്‍ത്തകള്‍ വന്നത്.
എന്നാല്‍ വാര്‍ത്ത വളച്ചൊടിച്ചതാണെന്നു തുറന്നു പറയുകയാണ് ഗായകന്‍ ഇപ്പോള്‍. പ്രതിഫല കാര്യത്തിലുള്ള വിയോജിപ്പ് രേഖപ്പെടുത്താനാണ് താന്‍ ശ്രമിച്ചത്. മ്യൂസിക് ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്ക് പ്രതിഫലം കുറച്ചുനല്‍കുന്ന രീതിയാണ് മലയാള സിനിമയിലുള്ളത്.
സമത്വം എന്നൊന്ന് ഇവിടെയില്ല. താന്‍ ജോലിക്കുള്ള പ്രതിഫലം മാത്രമെ ആവശ്യപ്പെടുന്നുള്ളു. ചില സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച ഗായകരും, അത് ചിട്ടപ്പെടുത്തിയ സംഗീത സംവിധായകരുമൊക്കെ ഇപ്പോള്‍ വളരെയധികം കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്.
തട്ടുകടകളുടെ പിന്നില്‍ താമസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. കുറച്ചുകൂടി മെച്ചപ്പെട്ട സാഹചര്യം മ്യൂസിക് ഇന്‍ഡസ്ട്രിയിലുള്ളവര്‍ അര്‍ഹിക്കുന്നുണ്ട്, വിജയ് പറയുന്നു.
തനിക്ക് കൂടുതല്‍ പ്രതിഫലം വേണമെന്ന വാദമല്ല ഉയര്‍ത്തിയതെന്ന് വിജയ് യേശുദാസ് പറഞ്ഞു. ആരെങ്കിലും അങ്ങനെ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അവരെ തിരുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മ്യൂസിക് ഇന്‍ഡസ്ട്രീസിലുള്ള എല്ലാവര്‍ക്കും വേണ്ടി കൂടിയാണ് താന്‍ അത് പറഞ്ഞത്.
എന്ന് വെച്ച് ആ വിഭാഗത്തിന്റെ തലവനായല്ല ഇതു പറഞ്ഞതെന്നും വിജയ് യേശുദാസ് പറഞ്ഞു. താന്‍ പറഞ്ഞത് മനസിലാക്കാന്‍ പറ്റുന്നവര്‍ മനസിലാക്കട്ടെ, അല്ലാത്തവര്‍ മനസിലാക്കണ്ടായെന്നും അദ്ദേഹം പറഞ്ഞു.
എന്തായാലും മലയാളത്തില്‍ പാടുന്നില്ലെന്ന വാര്‍ത്ത വന്നതിനു പിന്നാലെ വിജയ് യേശുദാസിനു നേരെ കനത്ത സൈബര്‍ അറ്റാക്കാണ് നടന്നത്.