ബംഗളൂരു: വിവാഹചടങ്ങുകൾ അത്യാഡംബരമാക്കുന്ന വിഐപികൾക്കിടയിൽ വ്യത്യസ്തനായി കർണാടക ചീഫ് സെക്രട്ടറി ടി.എം. വിജയ് ഭാസ്കർ. മകളുടെ വിവാഹത്തിനായി ഒരു ദിവസം മാത്രമാണ് അദ്ദേഹം അവധിയെടുത്തത്. ഇന്നാണ് വിജയ് ഭാസ്കറിന്റെ മൂത്തമകൾ അഡ്വ. വിശ്രുതിയും ഗൗതം കുമാർ രാജയും തമ്മിലുള്ള വിവാഹം. വെള്ളിയാഴ്ച മാത്രമാണ് വിജയ് ഭാസ്കർ അവധിയെടുത്തത്.
ഇന്നലെ രണ്ടാം ശനിയായതിനാൽ സർക്കാർ അവധിയുമായിരുന്നു. എല്ലാം കൂട്ടി മൂന്നു ദിവസം വിവാഹ ആവശ്യത്തിനായി ലഭിക്കുകയും ചെയ്തു. താൻ തിരക്കിലായതുകൊണ്ട് വിവാഹഒരുക്കങ്ങളുടെ മുഴുവൻ ഉത്തരവാദിത്വവും ഭാര്യ രുക്മിണി ഏറ്റെടുത്തതായി വിജയ് ഭാസ്കർ പറഞ്ഞു.
വിവാഹച്ചടങ്ങുകളും ലളിതമാക്കാൻ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. ആഡംബരവിവാഹങ്ങളുടെ ഇഷ്ടഭൂമികയായ പാലസ് ഗ്രൗണ്ട്സ് വേണ്ടെന്നുവച്ച അദ്ദേഹം വ്യാളികാവലിലെ ഒരു സാധാരണ കല്യാണമണ്ഡപമാണ് ചടങ്ങിനായി തെരഞ്ഞെടുത്തത്. അഞ്ഞൂറിലേറെ അതിഥികളെയാണ് വിവാഹച്ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. സമ്മാനങ്ങളൊന്നും കൊണ്ടുവരരുതെന്ന് ക്ഷണക്കത്തിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്.
താനൊരു സാധാരണ മനുഷ്യനാണെന്നും തന്റെ മകളും കുടുംബാംഗങ്ങളും ലളിതമായ രീതിയിൽ വിവാഹം നടത്താനാണ് ആഗ്രഹിക്കുന്നതെന്നും വിജയ് ഭാസ്കർ പറഞ്ഞു. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും ഇന്നുനടക്കുന്ന വിവാഹചടങ്ങിൽ പങ്കെടുക്കും.