നായകനായ ചിത്രം മോശമാണെന്ന് പറഞ്ഞതിന് മാധ്യമ പ്രവർത്തകയെ സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആരാധകർക്ക് വിജയ്യുടെ താക്കീത്. സ്ത്രീകളെ എന്നും ബഹുമാനിക്കുന്ന ആളാണ് താനെന്നും തന്റെ ചിത്രങ്ങളെ ആർക്കും വിമർശിക്കാമെന്നും വിജയ് പറഞ്ഞു. വാർത്താ കുറിപ്പിലാണ് വിജയ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ആരും നടത്താൻ പാടില്ലെന്നും വിജയ് വ്യക്തമാക്കി.
വിജയ് നായകനായ സുര എന്ന ചിത്രം മോശമാണെന്ന് അഭിപ്രായപ്പെട്ടതിനാണ് ന്യൂസ് പോർട്ടലായ ന്യൂസ് മിനിട്ടിന്റെ എഡിറ്റർ ഇൻ ചീഫ് ധന്യ രാജേന്ദ്രന് വിജയ് ആരാധകരിൽ നിന്നും സൂഹമാധ്യമങ്ങളിൽ നിന്നുമടക്കം അപമാനം നേരിടേണ്ടി വന്നത്. സംഭവത്തിൽ മാധ്യമ പ്രവർത്തക ചെന്നൈ പോലീസിൽ പരാതി നൽകിയിരുന്നു. ഷാരൂഖ് – അനുഷ്ക ചിത്രം ജബ് ഹാരി മെറ്റ് സേജൽ എന്ന ചിത്രം കണ്ടതിനെക്കുറിച്ച് പറഞ്ഞപ്പോഴാണ് വിജയിയുടെ ചിത്രത്തെയും ധന്യ പരിഹസിച്ചത്.
താൻ നേരത്തെ വിജയ്യുടെ സുര എന്ന ചിത്രം കണ്ടിരുന്നുവെന്നും ഇന്റർവെൽ ആയപ്പോൾ ഇറങ്ങിപ്പോയെന്നും ധന്യ ട്വീറ്റിൽ വ്യക്തമാക്കുന്നു. ആ റിക്കാർഡ് ജബ് ഹാരി മെറ്റ് സേജൽ എന്ന ചിത്രം മറികടന്നുവെന്നും ഇന്റർവെൽ വരെ പോലും കണ്ടിരിക്കാൻ കഴിഞ്ഞില്ലെന്നും ധന്യ പറഞ്ഞു. 75,000ത്തോളം ട്വീറ്റുകളാണ് ധന്യക്കെതിരേ പ്രചരിച്ചത്.