ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്ന് രാമലീല എന്ന സിനിമ റിലീസായപ്പോള്‍ വന്‍വരവേല്‍പ്പാണ് ചിത്രത്തിന് ലഭിച്ചത്. ദിലീപിന്റെ ശത്രുക്കളെപ്പോലും ഞെട്ടിക്കുന്ന തരത്തിലുള്ള സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. രാമലീലയില്‍ ദിലീപിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വ്യക്തിയാണ് നടന്‍ വിജയ രാഘവന്‍. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കുറ്റാരോപണങ്ങള്‍ ഉയര്‍ന്നുതുടങ്ങിയ സമയം മുതല്‍ ദിലീപിനെ സപ്പോര്‍ട്ട് ചെയ്തിരുന്ന വ്യക്തിയുമാണ് വിജയരാഘവന്‍. രാമലീല എന്ന അരുണ്‍ ഗോപി ചിത്രം എങ്ങനെ ഇത്രയും വിജയമായി എന്നതിനെക്കുറിച്ച് വ്യക്തമാക്കുകയാണ് വിജയ രാഘവന്‍ ഇപ്പോള്‍.
സിനിമ വിജയിക്കുമെന്നറിയാമായിരുന്നെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല. ചിത്രീകരണം തുടങ്ങുന്നതിന് ആറുമാസം മുമ്പാണ് രാമലീലയുടെ തിരക്കഥ വായിക്കുന്നത്. സാധാരണ ഞാന്‍ മുഴുവന്‍ സ്‌ക്രിപ്ടും വായിക്കാറില്ല. പക്ഷെ ഇത് സസ്‌പെന്‍സ് ത്രില്ലറായതുകൊണ്ട് മുഴുവന്‍ വായിച്ചു. ജനങ്ങള്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടുമെന്ന് അന്നേ മനസിലായിരുന്നു. പാലക്കാട് ആന അലറലോടലറല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സിനിമ കണ്ടത്. ഞാനും വിനീത് ശ്രീനിവാസനുമൊക്കെ ഒരുമിച്ചാണ് പോയത്. ദിലീപിനെ ഞാന്‍ വീട്ടില്‍ പോയി കണ്ടില്ല. നേരത്തെ ജയിലില്‍ പോയി കണ്ടിരുന്നു. ജയിലില്‍ കാണാന്‍ പോയതും പ്ലാന്‍ ചെയ്തല്ല. കഴിഞ്ഞ 25 വര്‍ഷമായി ദിലീപിനോട് അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് പോയതാണ്. സിനിമയിലെ ചില ഭാഗങ്ങള്‍ കണ്ടാല്‍ ദിലീപിന്റെ ജീവിതമാണ് സിനിമയിലെന്നു തോന്നും. പലരും ചോദിക്കുകയും ചെയ്തു. രാമലീല എന്ന സിനിമയില്‍ ചില മാജിക്കുകള്‍ നടന്നിട്ടുണ്ട് എന്നുവേണം കരുതാന്‍. ദിലീപുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് എനിക്കൊന്നും പറയാനില്ല നിയമം അതിന്റെ വഴിക്ക് നടക്കട്ടെ. പോലീസ് അന്വേഷിക്കുന്നുമുണ്ടല്ലോ. സത്യം പുറത്തുവരിക തന്നെ ചെയ്യും.