കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ്ബാബുവിന് ക്രെഡിറ്റ് കാർഡ് കൈമാറിയ യുവ നടൻ വിദേശത്തെന്നു സൂചന.
കൊച്ചി സ്വദേശിയായ ഇയാളെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം സമീപിച്ചെങ്കിലും ഇയാൾ സ്ഥലത്തില്ലെന്ന വിവരമാണ് ലഭിച്ചിരിക്കുന്നത്.
വരും ദിവസങ്ങളിൽ ഇയാളെ ചോദ്യം ചെയ്തേക്കും. വിജയ്ബാബു ദുബായിൽ ഒളിവിൽ കഴിയുന്പോൾ യുവനടൻ ക്രെഡിറ്റ് കാർഡ് എത്തിച്ചു നൽകിയെന്നാണ് പോലീസിനു ലഭിച്ച വിവരം.
സംഭവ ദിവസം ആഡംബര ഹോട്ടലിൽ വിജയ്ബാബുവിനെയും പരാതിക്കാരിയായ നടിയേയും കണ്ട യുവഗായകന്റെ മൊഴിയും ഉടൻ രേഖപ്പെടുത്തും.
അതേസമയം 39 ദിവസം ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ്ബാബു കഴിഞ്ഞ ബുധനാഴ്ചയാണ് കൊച്ചിയിൽ എത്തിയത്.
ബുധൻ, വ്യാഴം ദിവസങ്ങളിലായി ഇയാളെ 20 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് യുവതിയുമായി ഉണ്ടായതെന്നാണ് വിജയ് ബാബു ആവർത്തിക്കുന്നത്.
തിങ്കളാഴ്ച നടനെ വീണ്ടും ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം.
അതേസമയം വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഏഴിന് പരിഗണിക്കാനായി മാറ്റി.
വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഈ മാസം ഏഴു വരെ നീട്ടിയിട്ടുണ്ട്.
വിജയ് ബാബുവിനെ ചോദ്യംചെയ്യുകയാണെന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സമയം വേണമെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചതിനെത്തുടർന്നാണിത്.
ജസ്റ്റീസ് ബെച്ചു കുര്യൻ തോമസാണ് ഹർജി പരിഗണിക്കുന്നത്.
മാർച്ച് 16, 22 തീയതികളിൽ വിജയ് ബാബു പീഡിപ്പിച്ചെന്ന് പുതുമുഖ നടി നൽകിയ പരാതിയിലാണ് കേസെടുത്തത്.
ഇരയുടെ പേരു വെളിപ്പെടുത്തിയ കുറ്റത്തിനു മറ്റൊരു കേസു കൂടി രജിസ്റ്റർ ചെയ്തിരുന്നു.
ഏപ്രിൽ 22ന് പോലീസ് കേസ് എടുത്തെങ്കിലും 24നു വിജയ് ബാബു ദുബായിലേക്ക് പോയി. തുടർന്നാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
മുൻകൂർ ജാമ്യാപേക്ഷയെ സർക്കാർ ശക്തമായി എതിർത്തതിനെത്തുടർന്നു പ്രതിക്കു നാട്ടിൽ മടങ്ങിയെത്താൻ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം നൽകുകയായിരുന്നു.
രണ്ടു ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഈ സമയത്തിനുള്ളിൽ വിജയ് ബാബു നാട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും അതിനുശേഷം ഹർജി പരിഗണിക്കാമെന്നും വ്യക്തമാക്കിയിരുന്നു.