കോട്ടയം: ചലച്ചിത്ര താരങ്ങളെ തങ്ങളുടെ “ഉസിര്’ ആയി കാണുന്നവരാണല്ലൊ തമിഴ് മക്കള്‍. എംജിആറും ശിവാജി ഗണേഷനും രജനികാന്തും കമല്‍ഹാസനുമൊക്കെ അവരുടെ ആ സ്നേഹം ആവോളം ലഭിച്ചവരാണ്. ആ ഗണത്തില്‍ തമിഴര്‍ ഏറെ സ്നേഹിക്കുന്ന ഒരു താരമാണ് വിജയകാന്ത്. അരനൂറ്റാണ്ടുകാലം തമിഴ് സിനിമാലോകത്ത് തിളങ്ങിനിന്ന അദ്ദേഹം വിടവാങ്ങുമ്പോള്‍ അതൊരു തീരാ നഷ്ടംതന്നെയാണ്. 1979ല്‍ “ഇനിക്കും ഇളമൈ’ എന്ന ചിത്രത്തില്‍ വില്ലനായിട്ടാണ് വിജയകാന്ത് വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് 81ല്‍ പുറത്തിറങ്ങിയ “സട്ടം ഒരു ഇരുട്ടറൈ’ എന്ന ചിത്രത്തിലൂടെ നായകസ്ഥാനം ഉറപ്പിച്ചു.
1984ല്‍ പതിനെട്ടോളം സിനിമയില്‍ അദ്ദേഹം നായകനായി. കമല്‍ ഹാസനും രജനികാന്തിനും ഒപ്പം വിജയകാന്ത് എണ്‍പതുകളിലും തൊണ്ണൂറുകളിലും സൂപ്പര്‍ സ്റ്റാറായിരുന്നു. ആരാധകരെ അമ്പരപ്പിക്കുന്ന ആക്ഷന്‍ വൈഭവം അദ്ദേഹത്തിന്റെ ചിത്രങ്ങളിലുണ്ടായിരുന്നു. തമിഴ് സിനിമയില്‍ പോലീസിന്റെയും പട്ടാളത്തിന്റെയും നായക കഥാപാത്രങ്ങളായി നിറഞ്ഞാടി അദ്ദേഹം ജനഹൃദയങ്ങളില്‍ വീരപരിവേഷം നേടി. സ്ക്രീനിലെ അദ്ദേഹത്തിന്റെ തീഷ്ണമായ നോട്ടങ്ങളും പഞ്ച് ഡയലോഗുകളും തമിഴ് ജനത നെഞ്ചേറ്റി.
രണ്ടായിരത്തിനുശേഷം സിനിമാ രംഗത്ത് അത്ര സജീവമല്ലായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് നടിഗര്‍ സംഘത്തിന്റെ പ്രസിഡന്റ് സ്ഥാനത്തെത്തിയ വിജയകാന്ത് സംഘത്തെ കടക്കെണിയില്‍ നിന്ന് രക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. തമിഴ്രാഷ്ട്രീയത്തിലും ഒരുകൈ നോക്കിയ ആളാണ് വിജയകാന്ത്. 2005 സെപ്റ്റംബര്‍ 14ന് ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയ പാര്‍ട്ടി അദ്ദേഹം സ്ഥാപിച്ചു. 2011 കാലഘട്ടത്തില്‍ പ്രതിപക്ഷ നേതാവായിരുന്നു വിജയകാന്ത്. എന്നാല്‍ പിന്നീട് രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് തിളങ്ങാനായില്ല.
സമീപകാലങ്ങളില്‍ അനാരോഗ്യം മൂലം പൊതുചടങ്ങുകളില്‍ നിന്നും അദ്ദേഹം വിട്ടുനിന്നെങ്കിലും പല വിവാദങ്ങള്‍ നിമിത്തം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറിയിരുന്നു. മീമുകളും മറ്റും അദ്ദേഹത്തിന്റേതായി ഉണ്ടായി. എന്നിരുന്നാലും ഏറ്റവും മനുഷ്യ സ്നേഹിയായ ഒരു താരമാണ് അദ്ദേഹം എന്നവര്‍ക്ക് അറിയാം.
ജീവിതത്തിന്റെ തിരശീലയ്ക്ക് പിന്നിലേക്ക് പുരട്ചി കലൈഞ്ജർ എന്ന തമിഴ്മക്കളുടെ ക്യാപ്റ്റന്‍ വിടപറയുമ്പോള്‍ അതൊരു നികത്താനാവാത്ത ശൂന്യതതന്നെയാണ് ദ്രാവിഡ മണ്ണില്‍ സൃഷ്ടിക്കുക. ഇനി അദ്ദേഹം വെള്ളിത്തിരയില്‍ നിറഞ്ഞാടി വേഷങ്ങള്‍ വരുംതലമുറയോട് പോരാട്ടവീര്യമുള്ള ഈ മനുഷ്യന്റെ കഥ പറയും…