അമ്പലപ്പുഴ: അമ്പലപ്പുഴ വിജയകൃഷ്ണന്റെ വേർപാട് ഒരു നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.
അമ്പലപ്പുഴ രാമചന്ദ്രൻ ആനയുടെ വേർപാടിന്റെ വേദന മാറുന്നതു വിജയകൃഷ്ണന്റെ വരവോടെയാണ്. ശാന്തസ്വഭാവമായിരുന്നു വിജയകൃഷ്ണന്റേത്.
കാഴ്ചയിലെ ഭംഗി,ആടിക്കുഴഞ്ഞുള്ള വരവ്, ആരുമെന്നു നോക്കിനിന്നു പോകുന്ന മുഖശ്രീയും രാജകലകളും വിജയകൃഷ്ണനില്‍ ശരിയാംവണ്ണം അലിഞ്ഞു ചേര്‍ന്നിരുന്നു.
നിലത്തിഴയുന്നതും വണ്ണമുള്ളതുമായ തുമ്പിക്കൈ, ഒരെണ്ണം ഉള്ളിലേക്കു ചാഞ്ഞുനില്ക്കുന്ന ഭംഗിയാര്‍ന്ന കൊമ്പുകൾ, ഭംഗിയും ഭാവഗാംഭീര്യവും ചാര്‍ത്തി മസ്തകത്തില്നിന്നു തുമ്പികൈയിലേക്ക് ഒഴുകിപ്പരക്കുന്ന മദഗിരികള്‍ ഇതെല്ലാം ആനപ്രേമികളെ വിജയകൃഷ്ണനോട് ഏറെ അടുപ്പിച്ചിരുന്നു.
അമ്പലപ്പുഴക്കാരുടെ വീരകേസരിയായിരുന്ന രാമചന്ദ്രന് എന്ന ആനയുടെ തീരാനഷ്ടത്തിനു ശേഷം നാട്ടുകാരുടെയും ഭക്തരുടെയും ആഗ്രഹത്തിന്റെ സാക്ഷാത്കാരമായി എത്തിയതായിരുന്നു വിജയകൃഷ്ണന്.
ശുണ്ഠിയിലും വീര്യത്തിലും വിട്ടുവീഴ്ചയില്ലാതിരുന്നു. വളരെ ചെറുപ്പത്തിലെത്തി ഒരു നാടിന്റെയാകെ ഒാമനയായി മാറിയ ആനയാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി യാത്രയായത്.
ശരീരമാകെ മുറിവുകൾ
അമ്പലപ്പുഴ: ഇന്നലെ രാത്രി പത്തോടെ ക്രെയിന്റെ സഹായത്തോടെ ടോറസിൽ കയറ്റിയാണ് അന്പലപ്പുഴയിൽനിന്നു കോന്നിയിലേക്കു കൊണ്ടുപോയത്.
പോസ്റ്റുമോർട്ടത്തിനു ശേഷം വിജയകൃഷ്ണനെ ഇന്നു സംസ്കരിക്കും. വിജയകൃഷ്ണനെ അന്ത്യയാത്രയാക്കാൻ രാത്രി വൈകിയും ആയിരങ്ങളാണ് ക്ഷേത്രവളപ്പിൽ തടിച്ചുകൂടിയിരുന്നത്.
പാപ്പാൻമാരുടെ മർദനമാണോ ആനയുടെ മരണകാരണമെന്നു പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ.
ആനയുടെ ദേഹത്തു പല ഭാഗങ്ങളിലായി വലിയ മുറിവുകളുണ്ടെന്ന് ഇൻക്വസ്റ്റിൽ കണ്ടെത്തിയിരുന്നു. മുറിവ് മൂലം തലയിൽ പഴുപ്പ് ബാധിച്ചതാണ് മരണകാരണമെന്നു ഭക്തർ ആരോപിക്കുന്നുണ്ട്.
അതിനിടെ, ആനയുടെ ചുമതലയുള്ള ദേവസ്വം ഡപ്യൂട്ടി കമ്മീഷണറെ മാറ്റിനിർത്തി അന്വേഷണം നടത്താനും രണ്ട് പാപ്പാൻമാരെ സസ്പെൻഡ് ചെയ്യാനും ദേവസ്വം ബോർഡ് തീരുമാനിച്ചു.
ക്രൂരമായി തല്ലിക്കൊന്നതാണെന്നു നാട്ടുകാർ
അമ്പലപ്പുഴ: ഗജരാജൻ വിജയകൃഷ്ണന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. രാവിലെ 9.30 ഓടെ സർക്കാർ, വനംവകുപ്പ്,സ്വകാര്യമൃഗസംരക്ഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോന്നിയിലായിരുന്നു പോസ്റ്റ്മോർട്ടം.
ഉപേദേശക സമിതി സെക്രട്ടറി വേണുകുട്ടൻ, പ്രസിഡന്റ് സുഷമ രാജീവ് കമ്മിറ്റി അംഗങ്ങളായ രാജൻ, ശ്രീകുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. മൃതദേഹം കോന്നിയിൽ സംസ്കരിച്ചു.
ചടങ്ങുകളുടെ ഭാഗമായി അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉച്ചപൂജ ഉൾപ്പെടെയുള്ള ചടങ്ങുകൾ രാവിലെ 9 ഓടെ പൂർത്തിയാക്കി നട അടച്ചു.
പാൽപ്പായസ വിതരണം രാവിലെ തന്നെ നടത്താനുള്ള ക്രമീകരണവും ഒരുക്കിയിരുന്നു. രോഗം ബാധിച്ചതിനെ തുടർന്നു കുറച്ചുദിവസമായി അമ്പലപ്പുഴ ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്തുള്ള ദേവസ്വം ബോർഡ് അസി കമ്മീഷണർ ഓഫീസിന് സമീപം തളച്ചിരിക്കുകയായിരുന്നു.
അവശനിലയിലായ വിജയകൃഷ്ണനെ രാവിലെ ക്ഷേത്രക്കുളത്തിനു സമീപത്തുള്ള ആനത്തറയിൽ എത്തിച്ചപ്പോഴേക്കും കുഴഞ്ഞുവീഴുകയായിരുന്നു.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും 51കാരൻ വിജയകൃഷ്ണന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
അമ്പലപ്പുഴ രാമചന്ദ്രൻ എന്ന പാപ്പാനായിരുന്നു ആനയെ നോക്കിയിരുന്നത്. അദ്ദേഹം വിരമിച്ചതിനുശേഷം അമ്പലപ്പുഴ സ്വദേശിയായ ഗോപനായിരുന്നു പാപ്പാൻ.
കഴിഞ്ഞ ജനുവരിയിൽ ഇയാൾ സ്ഥലം മാറിപ്പോയി. പിന്നീട് ഒന്നാം പാപ്പാനായി വന്ന തിരുവനന്തപുരം സ്വദേശി ആനയെ ചട്ടത്തിൽ കൊണ്ടുവരുവാൻ നിരന്തരം മർദിച്ചിരുന്നതായി ഭക്തരും നാട്ടുകാരും ആരോപിക്കുന്നു.
വിശ്രമം നൽകാതെ
ആറുമാസം മുമ്പ് കാലിനു പരിക്കേറ്റ വിജയകൃഷ്ണനു പൂർണവിശ്രമം ആവശ്യമാണെന്നു ദേവസ്വം ബോർഡ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും വനംവകുപ്പും നിർദേശം നൽകിയിരുന്നതാണ്.
എന്നാൽ ഇത് പരിഗണിക്കാതെ ദേവസ്വം ബോർഡ് ഡപ്യൂട്ടി കമ്മീഷണർ പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിൽ ചടങ്ങുകൾക്കു കൊടുത്തിരുന്നു.
ഈ സമയങ്ങളിൽ വിജയകൃഷ്ണനെ ക്രൂരമായി മർദിച്ചിരുന്നത്രേ. മുന്നിലെയും പിന്നിലെയും കാലുകൾ മർദനത്തിൽ പരിക്കേറ്റിട്ടുണ്ട്. തലക്കും പരിക്കുകളുണ്ട്.
അവശനായ വിജയകൃഷ്ണനെ പിന്നീടു ഹരിപ്പാട് തളച്ചിരിക്കുകയായിരുന്നു.
കടുത്ത പ്രതിഷേധം
കഴിഞ്ഞ 26ന് രാത്രിയിൽ ലോറിയിൽ അമ്പലപ്പുഴയിൽ എത്തിക്കുകയായിരുന്നു. അവശതയിലായ ആന, തളച്ചിരുന്ന തെങ്ങ് താങ്ങാക്കിയാണ് നിന്നിരുന്നതെന്നു നാട്ടുകാർ പറയുന്നു ക്രൂരമർദനമാണ് വിജകൃഷ്ണൻ അമ്പലപ്പുഴയ്ക്കു നഷ്ടപ്പെടാൻ കാരണമെന്നാരോപിച്ച് നാട്ടുകാരും ഭക്തരും പ്രതിഷേധവുമായി രംഗത്തെത്തി.
ആന ചരിഞ്ഞിട്ടും ക്ഷേത്രം അടക്കാതിരുന്നതിൽ ഭക്തർ പ്രതിഷേധിച്ചു. തുടർന്നു നട അടയ്ക്കുകയും പാൽപ്പായസ വിതരണം നിർത്തിവയ്ക്കുകയും ചെയ്തു.