അമ്പലപ്പുഴ: കാലിലെ മുറിവിൽ ചങ്ങല കുരുങ്ങി ഗജരാജൻ ദുരിതത്തിൽ. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഗജവീരൻ വിജയകൃഷ്ണനാണ് മാസങ്ങളായി ദുരിതമനുഭവിക്കുന്നത്.
ഒന്നാം പാപ്പാൻ മാസങ്ങൾക്ക് മുൻപ് ലോക്ക് ഡൗൺ കാലത്ത് സസ്പെൻഷനിലായിരുന്നു.രണ്ടാം പാപ്പാനാണ് ഇപ്പോൾ വിജയകൃഷ്ണനെ പരിചരിക്കുന്നത്.
മാസങ്ങൾക്ക് മുൻപ് മദപ്പാടുണ്ടായപ്പോൾ ചങ്ങലയിട്ട് തളച്ചിരുന്നു. പിന്നീട് ഒന്നാം പാപ്പാനില്ലാതെ വന്നതോടെ ഈ ചങ്ങല അഴിക്കാനും കഴിഞ്ഞിട്ടില്ല.
ഇപ്പോൾ മുൻവശത്തെ കാൽ അഴുകി അതിനുള്ളിൽ ചങ്ങല കിടക്കുന്നത് മൂലം ദുരിതത്തിലായിരിക്കുകയാണ് ആന. ഇപ്പോൾ മദപ്പാടിലുമാണ്.
വെറ്ററിനറി ഡോക്ടർ എത്തിയെങ്കിലും ദേവസ്വം ബോർഡിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ മയക്കു വെടി വെച്ച് ചികിത്സിക്കാൻ കഴിയൂ.
ഒന്നാം പാപ്പാനെ ഇതുവരെ തിരികെ നിയമിച്ചിട്ടുമില്ല. ഇതിന് ദേവസ്വം ബോർഡ് അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ആന പ്രേമികളുടെ ആവശ്യം.