ആലുവ: കോവിഡ് ഭയന്ന് ചികിത്സ നിഷേധിച്ചതോടെ ആംബുലൻസിൽ പൊലിഞ്ഞത് ഒരു ജീവൻ. ആലുവ ജില്ലാ ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.
ആലുവ പുളിഞ്ചുവട്ടിലെ ഒരു ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ പറവൂർ സ്വദേശി വിജയകുമാറാ (63 )ണ് മരിച്ചത്. ഒടുവിൽ ഇയാളുടെ കോവിഡ് പരിശോധനാ ഫലം വന്നപ്പോൾ നെഗറ്റീവായിരുന്നു.
ശ്വാസതടസവും ചുമയും അനുഭവപ്പെട്ട ഇയാളെ ഫ്ലാറ്റ് അധികൃതർ തന്നെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. രാവിലെ 9.15ന് എത്തിയ രോഗി പത്തോടെ ആംബുലൻസിൽ തന്നെ മരിക്കുകയായിരുന്നു. രോഗിക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും ഇദേഹത്തെ ആംബുലൻസിൽനിന്നും ഇറക്കാൻ പോലും കൂട്ടാക്കിയില്ലെന്ന് പറയുന്നു.
ആദ്യം അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും രോഗ ലക്ഷണങ്ങൾ പറഞ്ഞതോടെ പനി പരിശോധന വിഭാഗത്തിലേക്ക് പറഞ്ഞ് വിട്ടു. അവിടെ വൈദ്യുതി ഇല്ലാത്തതിനാൽ കോവിഡ് ഐസലേഷൻ വിഭാഗത്തിലേക്ക് മാറ്റി.
എന്നാൽ, ആരോഗ്യ പ്രവർത്തകർ പിപിഇ കിറ്റ് ധരിച്ച് എത്തിയപ്പോഴേക്കും വാഹനത്തിന് അകത്തു വച്ചുതന്നെ രോഗി മരണപ്പെട്ടു. ഫ്ലാറ്റിൽനിന്നും നടന്ന് ആംബുലൻസിൽ കയറിയ ആളാണ് മരിച്ചത്. ഇയാളുടെ സ്രവം കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.
കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ലക്ഷണങ്ങളുമായി വരുന്നവർ നേരിട്ട് കോവിഡ് ഐസൊലോഷൻ വിഭാഗത്തിലേക്കാണ് പോകേണ്ടതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഇത് ആരോഗ്യ വകുപ്പിന്റെ നിർദേശമാണെന്നും ജില്ലാ ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
നേരിട്ട് അത്യാഹിത വിഭാഗത്തിലെത്തുന്നത് മറ്റു രോഗികൾക്ക് രോഗ പകർച്ചയ്ക്ക് കാരണമാകുമെന്നും അവർ പറഞ്ഞു. ആലുവ എടയപ്പുറം അമ്പാട്ട് കവലയിൽ വാടകക്ക് താമസിക്കുന്ന വിജയകുമാർ മൂന്ന് വർഷമായി പുളിഞ്ചുവട് അമിറ്റി ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ്.
ഈ ഫ്ലാറ്റിൽ ഏതാനും പേർ കോവിഡ് രോഗവ്യാപനത്തെ തുടർന്ന് നിരീക്ഷണത്തിലാണ്. ഇദേഹത്തിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തിയിട്ടില്ല. സംഭവത്തിൽ സംസ്ഥാന മരഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു.
ആരോഗ്യവകുപ്പ് ഡയറക്ടർ അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമനിക് ഉത്തരവിട്ടു. ജില്ലാ കലക്ടർ എസ്. സുഹാസ് ജില്ലാ മെഡിക്കൽ ഓഫീസറോടും റിപ്പോർട്ട് തേടിയിട്ടുണ്ട്.
അന്വേഷണം വേണമെന്ന് അൻവർ സാദത്ത് എംഎൽഎയും ബിജെപി നഗരസഭ കൗൺസിലർ എ.സി. സന്തോഷ് കുമാറും ആവശ്യപ്പെട്ടു. സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് സ്റ്റേറ്റ് അസോസിയേഷൻ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ട്രീ സംസ്ഥാന പ്രസിഡന്റ് മുരളീധരക്കുറുപ്പ് രാഷ്ട്രദീപികയോട് പറഞ്ഞു.