കോട്ടയം: ചത്തുകിടന്ന മീനിനെ എടുക്കാൻ കിണറ്റിൽ ഇറങ്ങിയ മധ്യവയസ്കൻ ശ്വാസം കിട്ടാതെ മരിച്ചു. കോട്ടയം പൂവൻതുരുത്ത് മാങ്ങയ്ക്കരിയിൽ നാരായണപിള്ളയുടെ മകൻ വിജയകുമാറാ (50) ണു മരിച്ചത്.
ബുധനാഴ്ച രാവിലെ എട്ടിനാണു സംഭവം. പുരയിടത്തിലെ 50 അടിയുള്ള കിണറ്റിൽ ചത്തു ദുർഗന്ധം വമിച്ച നിലയിലായ വരാലിനെ എടുക്കുന്നതിനിടയിൽ ശ്വാസം കിട്ടാതെ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻതന്നെ സമീപവാസികളായ കിണറുപണിക്കാർ കിണറ്റിലിറങ്ങിയെങ്കിലും വായു കുറവായതിനാൽ തിരിച്ചു കയറി. ഉടൻതന്നെ കോട്ടയം ഫയർഫോഴ്സിൽ വിവരം അറിയിച്ചു.
ഫയർഫോഴ്സ് സംഘം കിണറ്റിലിറങ്ങി വിജയകുമാറിനെ കരയ്ക്കെത്തിച്ചു പ്രാഥമിക ചികിത്സ നൽകി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ഭാര്യ: പ്രിയ. മക്കൾ: വിദ്യ, വീണ, വിഷ്ണു.