നെയ്യാറ്റിൻകര : കഴുത്തിൽ മരക്കന്പ് കുത്തി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരണമടഞ്ഞു.
അതിയന്നൂര്‍ ഓണംകോട് കരിക്കാത്തല പുത്തൻ വീട്ടിൽ അനിരുദ്ധന്റെ ഭാര്യ വിജയകുമാരി (45)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അയല്‍വാസിയും ബന്ധുവും റിമാന്‍ഡിലാണ്.
ഇക്കഴിഞ്ഞ ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. വിജയകുമാരിയും ഡിപ്ലോമ വിദ്യാര്‍ഥിനിയായ മകള്‍ ശിവകലയും താമസിക്കുന്ന വീടിനു സമീപത്താണ് അനീഷ് ഈയടുത്ത കാലത്ത് വസ്തു വാങ്ങിയത്.
രണ്ടു വസ്തുക്കളുടെയും അതിര്‍ത്തി സംബന്ധിച്ച് വഴക്ക് നിലവിലുള്ളതായി നെയ്യാറ്റിന്‍കര പോലീസ് അറിയിച്ചു. സംഭവ ദിവസം അനീഷും ബന്ധു നിഖിലും വിജയകുമാരിയുടെ വീട്ടുമുറ്റത്തെത്തി.
വാക്കേറ്റത്തിനിടയില്‍ വിജയകുമാരിയുടെ കഴുത്തില്‍ പ്രതികള്‍ മരക്കന്പ് കുത്തിക്കയറ്റിയെന്നാണ് പരാതി. മകള്‍ ശിവകലയുടെ നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടി.
പിന്നീട് കഴുത്തില്‍ നിന്നും കന്പ് വലിച്ചൂരിയെടുത്തതിനു ശേഷം വിജയകുമാരിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിജയകുമാരിക്ക് കമ്പ് കൊണ്ടുള്ള മർദനവും ഏറ്റു.
കഴുത്തിൽ ആഴത്തിൽ മുറിവും ശരീരത്തിൽ എല്ലിന് പൊട്ടലും സംഭവിച്ച വിജയകുമാരി ചികിത്സയില്‍ കഴിയവെ ഇന്നലെ ഉച്ചയോടെയാണ് മരണമടഞ്ഞത്.
സംഭവ ദിവസം തന്നെ നെയ്യാറ്റിന്‍കര പോലീസ് സംഘം അനീഷിനെയും നിഖിലിനെയും അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.