കുറവുകളെ പരിഗണിക്കാതെ കഴിവുകളെ വളര്‍ത്തുന്നതില്‍ ശ്രദ്ധിക്കേണ്ടതെങ്ങനെയെന്നതിന് ഉത്തമ തെളിവാണ് വൈക്കം വിജയലക്ഷ്മി എന്ന ഗായിക. ശാരീരിക ബുദ്ധിമുട്ടുകളേക്കാളുപരിയായി നിരവധി മാനസിക ബുദ്ധിമുട്ടുകളില്‍ നിന്നും കരകേറിയെത്തിയ ആളാണ് വിജയലക്ഷ്മി. സിനിമാ മേഖലയില്‍ സജീവമാകുമ്പോഴും ശാസ്ത്രീയ സംഗീത പഠനവും കച്ചേരികളുമൊന്നും വൈക്കം വിജയലക്ഷ്മി മുടക്കിയിട്ടില്ല. സിനിമ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഫോണ്‍ വഴി പോലും വിജയലക്ഷ്മിയ്ക്കു സംഗീത പാഠങ്ങള്‍ പകര്‍ന്നു നല്‍കിയിരുന്നു. ഇന്നു രാവിലെ സംഗീത സംവിധായകന് എം.ജയചന്ദ്രന് പങ്കുവച്ചൊരു വീഡിയോ കണ്ടാല്‍ വിജയലക്ഷ്മി എന്ന ഗായികയെ അടുത്തറിയാനാവും.
എം.ജയചന്ദ്രന് പാട്ട് പഠിപ്പിക്കുകയാണു വൈക്കം വിജയലക്ഷ്മിയെ. ചലച്ചിത്ര സംഗീത രംഗം വഴി നമ്മള് അടുത്തറിഞ്ഞ രണ്ടു പേര് പാട്ടു പഠനത്തിനായി ഒന്നിക്കുന്ന വിഡിയോ കാണാന്‍ ഏറെ കൗതുകകരവുമാണ്. സംഗീതം ദൈവമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഓരോ കൃതികള്‍ ആലപിക്കുമ്പോഴും നമ്മിലേക്കു ഈശ്വരീയം വന്നുചേരുന്നു. സംഗീതത്തിലൂടെ ഈശ്വരനും മനുഷ്യനും ഒന്നുചേരുന്നിടത്താണ് ഓരോ സംഗീതജ്ഞനും തന്റെ സംഗീതത്തെ സമര്‍പ്പിക്കേണ്ടത്. അദ്ദേഹം പറഞ്ഞു. വിജയലക്ഷ്മി അങ്ങനെയൊരു ഗായികയാണ്. അങ്ങനെയുള്ള കുറേ ഗായകരുടെ തുടക്കം മാത്രമാണ്. ലോകം അറിയുന്ന ഒരു സംഗീതജ്ഞയായി വിജയലക്ഷ്മി മാറുമെന്നു തനിക്കുറപ്പുണ്ടെന്നും എം.ജയചന്ദ്രന് പറഞ്ഞു.
തന്റെ സ്വപ്നസാക്ഷാത്കാരമായാണ് ജയചന്ദ്രനൊപ്പമുള്ള പഠനത്തെ വിജയലക്ഷ്മി വിശേഷിപ്പിച്ചത്. 2013ല്‍ കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെയാണ് വിജയലക്ഷ്മി പിന്നണി ഗായികയാകുന്നത്. ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശവും നേടി. തൊട്ടടുത്ത വര്‍ഷം കമലിന്റെ തന്നെ നടന് എന്ന ചിത്രത്തില്‍ ഔസേപ്പച്ചന് ഈണമിട്ട ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ എന്ന പാട്ടു പാടി മികച്ച ഗായികയ്ക്കുള്ള പുരസ്കാരവും വിജയലക്ഷ്മി സ്വന്തമാക്കിയിരുന്നു.