ചിങ്ങവനം: ഒൻപതു വയസുള്ള നയന മോൾക്കായി വാകത്താനം ഗ്രാമം നാളെ കൈകോർക്കും. ബസ് കണ്ടക്ടർ വാകത്താനം കല്ലടയിൽ ഷിബുവിന്റെ മകളാണ് നയന. ജനിച്ചപ്പോൾ മുതൽ ചുവന്ന രക്താണുക്കൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നില്ല എന്നതാണ് ഈ കുരുന്നിന്റെ അസുഖം.
മജ്ജ മാറ്റിവയ്ക്കൽ മാത്രമാണ് ഇതിന് പ്രതിവിധി. ശസ്ത്രക്രിയയ്ക്ക് 35 ലക്ഷത്തോളം രൂപ ചെലവാകും. ഇതിനുള്ള തുക കണ്ടെത്തുന്നതിനാണ് നാളെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വീടുകൾ കയറിയിറങ്ങുന്നത്. പരിപാലന സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് നയന.
കുട്ടിയുടെ പിതാവ് ഷിബു ജോലി ചെയ്യുന്ന വിജയലക്ഷ്മി ബസിന്റെ വ്യാഴം, വെള്ളി ദിവസങ്ങളിലെ കളക്ഷൻ കുട്ടിയുടെ ചികിത്സയ്ക്കായി മാറ്റിവച്ചു. വാകത്താനം വഴി പൊങ്ങന്താനത്തേക്ക് സർവീസ് നടത്തുന്ന വിജയലക്ഷ്മിയുടെ രണ്ട് ബസുകളിൽ ജീവനക്കാർ ടിക്കറ്റെഴുതാതെ ബക്കറ്റുമായി യാത്രക്കാരിൽ നിന്നും സംഭാവനകൾ സ്വീകരിച്ചു. 79,000 രൂപ പിരിഞ്ഞുകിട്ടി.
നാളെ രാവിലെ ഒൻപതു മുതൽ വാകത്താനം പഞ്ചായത്തിലെ 20 വാർഡുകളിലും സ്ക്വാഡുകൾ സംഭാവന പിരിക്കാനായി എത്തും. ഉച്ചകഴിഞ്ഞ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് തുക കൈമാറും.