ശ്രീകൃഷ്ണപുരം: കരിന്പുഴ ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിൽ താമസിക്കുന്ന വിജയലക്ഷ്മി എന്ന വൃദ്ധയ്ക്കും മകനും തലചായ്ക്കാൻ ഒരു കൂരയെന്നത് സ്വപ്നമായി തുടരുന്നു.
ഇടിഞ്ഞു തകർന്ന് എപ്പോൾ വേണമെങ്കിലും നിലംപൊത്താറായ വീട്ടിൽ 18 വയസുകാരൻ മകനുമൊത്ത് അധികൃതരുടെ കനിവിനായി കാതോർക്കുകയാണ് വിജയലക്ഷ്മി.
13 വർഷമായി ചോരാതെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നത്തിനായി ഓഫീസുകൾ കയറിയിറങ്ങുകയാണ് വിജയലക്ഷ്മി.
നിലവിൽ താമസിക്കുന്ന വീടിന്റെ ഒരു ഭാഗം തകർന്നു.
ബാക്കി ഭാഗം ഏതു സമയവും നിലപൊത്തുമെന്ന അവസ്ഥയിലാണ്. ചോർച്ച മൂലം മേൽക്കൂരയിൽ ടാർ പോളിൻ ഷീറ്റ് വിരിച്ചിരിക്കുകയാണ്.
ആറു വർഷം മുന്പാണ് വൃക്കരോഗിയായ ഭർത്താവ് മരിച്ചത്. ഭർത്താവിന്റെ ചികിത്സയ്ക്കായി വൻ തുക ചെ ലവഴിച്ചതിനാൽ കടവും കയറി. ഭർത്താവിന്റെ ചികിത്സ യ്ക്കായി എടുത്ത വായ്പയുടെ തിരിച്ചടവും മുടങ്ങിയിരിക്കുകയാണ്.
അപസ്മാരരോഗ ബാധിതയായ വിജയലക്ഷ്മി നിത്യേന മരുന്നുകഴിച്ചാണു ജീവിതം തള്ളിനീക്കുന്നത്.പഞ്ചായത്ത്, വില്ലേജ് അധികൃതർക്കു പരാതി നൽകിയതിനെ തുടർന്ന് സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
ജില്ലാകളക്ടർ, മുഖ്യമന്ത്രി എന്നിവർക്കും നിവേദനം നൽകിയിട്ടുണ്ട്.പൊളിഞ്ഞു വീഴാറായതാണെങ്കിലും വീടുള്ളതിനാൽ ലൈഫ് പദ്ധതിയിലും ഉൾപ്പെടുത്താനാവുന്നില്ല.