തൊടുപുഴ: വണ്ടിപ്പെരിയാർ ഡൈമുക്ക് സ്വദേശിനി വിജയമ്മയെ (50) കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. ഡൈമുക്ക് ബംഗ്ലാവ്മുക്ക് സ്വദേശി രതീഷിനെ (33) യാണ് ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജി ആഷ് കെ.ബാൽ ജീവ പര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്.
ബലാത്സംഗത്തിന് ഏഴു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം കൂടി തടവ് അനുഭവിക്കണം. ആകെ 21 വർഷം കഠിന തടവാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ നാലു വർഷം കൂടി തടവ് അനുഭവിക്കണം.
ഡൈമുക്ക് പുന്നവേലി വിക്രമൻ നായരുടെ ഭാര്യ വിജയമ്മ (50) 2020 ഫെബ്രുവരി 23നാണ് കൊല്ലപ്പെട്ടത്. പീഡനശ്രമം ചെറുത്ത വിജയമ്മയെ പ്രതി മൃഗീയമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പശുവിനെ അഴിക്കുന്നതിനായി തേയിലക്കാട്ടിൽ എത്തിയ വിജയമ്മയെ പക്ഷികളെ പിടിക്കുന്നതിനു മരത്തിൽ കയറിയിരുന്ന രതീഷ് കണ്ടു.
ഇതോടെ തനിക്കൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ ഒഴിവാക്കിയ ശേഷം രതീഷ് വിജയമ്മയെ തലയ്ക്കു പിന്നിൽ കത്തിയുടെ പിടികൊണ്ട് അടിച്ചു ബോധം കെടുത്തിയശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ വീട്ടമ്മ ഉണർന്നപ്പോൾ കത്തി കൊണ്ടു തലയ്ക്കു പിന്നിൽ മൂന്നു തവണ വെട്ടി മരണം ഉറപ്പാക്കി. ഇതിനു ശേഷം മൃതദേഹം വലിച്ചിഴച്ചു കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.
വണ്ടിപ്പെരിയാർ സിഐ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടത്തി പ്രതിയെ പിടികൂടി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 32 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. രാജേഷ് ഹാജരായി.
പ്രതിയെ പിടികൂടിയത് മണിക്കൂറുകൾക്കുള്ളിൽ
തൊടുപുഴ: ജനമനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകക്കേസിലാണ് ഇന്നലെ മുട്ടം ഫസ്റ്റ് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി വിധി പറഞ്ഞത്. പ്രദേശവാസികൾ പോലീസിനു നൽകിയ നിർണായക വിവരങ്ങളാണ് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടാൻ സഹായകമായത്.
തനിക്ക് വഴങ്ങാൻ നിർബന്ധിച്ചപ്പോൾ വിജയമ്മ എതിർത്തതാണ് കൊലപാതകത്തിനു കാരണമായത്. ഇതോടെ കൈയിലിരുന്ന കത്തി ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. പീഡ ശ്രമത്തിനിടെ വിജയമ്മ ഉണർന്നപ്പോൾ ഇവരെ വാക്കത്തി കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു.
തേയിലക്കാട്ടിൽനിന്ന് അസ്വഭാവികമായി കരച്ചിൽ കേട്ടതോടെ സമീപവാസി എത്തിയപ്പോൾ ചുവപ്പു ഷർട്ടു ധരിച്ച ഒരാൾ ഓടിപ്പോകുന്നതു കണ്ടിരുന്നു. തുടർന്ന് പ്രദേശവാസികളെ കൂട്ടി നടത്തിയ പരിശോധനയിലാണ് വിജയമ്മയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വണ്ടിപ്പെരിയാർ സിഐ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇതിനിടെ തോട്ടത്തിൽ പക്ഷികളെ പിടിക്കാനായി എത്തിയ മൂന്നംഗ സംഘത്തെക്കുറിച്ച് നാട്ടുകാർ പോലീസിനു വിവരം നൽകി. പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ നിർണായകമായ വിവരം ലഭിച്ചു. ഇതിനു പുറമേ വിജയമ്മയുടെ മൃതദേഹത്തിനു സമീപത്തുനിന്നു രതീഷിന്റെ മൊബൈൽ ഫോണും ഇയാളുടെ വീട്ടിൽനിന്നു രക്തം പുരണ്ട ഷർട്ടും ലഭിച്ചു.
ഇതോടെ രതീഷാണ് കൊലപാതകം നടത്തിയതെന്ന് ഉറപ്പിക്കുകയായിരുന്നു.വിധിയിൽ സംതൃപ്തനാണെന്നും പോലീസ് ഉദ്യോഗസ്ഥർക്കും പബ്ലിക് പ്രോസിക്യൂട്ടർക്കും നന്ദി അറിയിക്കുന്നതായും വിജയമ്മയുടെ ഭർത്താവ് വിക്രമൻ നായർ പറഞ്ഞു.