സഹോദരന്റെ സ്വത്ത് കൈക്കലാകണമെങ്കില്‍ പത്തുവയസുകാരനെ കൊലപ്പെടുത്തണം, രാത്രി രാഹുലിനെ ഒപ്പം കിടത്തി വിജയമ്മ ചെയ്തത് കൊടും പാതകം, കോട്ടയത്തെ നടുക്കിയ സംഭവം ഇങ്ങനെ

സഹോദരന്റെ പത്തു വയസുകാരനായ മകനെ കഴുത്തില്‍ ചരട് ചുറ്റി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ കൈപ്പുഴ കുടിലില്‍ കവല ഭാഗത്ത് നെടുംതൊട്ടിയില്‍ വിജയമ്മ (57) കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി.

ഇവര്‍ക്കുള്ള ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കുമെന്ന് കോടതി അറിയിച്ചു. പ്രതി വിജയമ്മയുടെ സഹോദരന്‍ ഷാജിയുടെ മകന്‍ രാഹുലിനെ കൊലപ്പെടുത്തിയ കേസില്‍ കോട്ടയം അഡീഷണല്‍ ജില്ലാ കോടതി-അഞ്ച് ജഡ്ജി ജ്യോതിസ് ബെന്‍ വിധി പറയുന്നത്.

2013 സെപ്റ്റംബര്‍ മൂന്നിന് പുലര്‍ച്ചെ 2.45-നാണു കേസിനാസ്പദമായ സംഭവം നടന്നത്. പിണങ്ങി കഴിയുന്ന സഹോദരനും ഭാര്യയും ഒന്നിക്കാതിരിക്കാനും അവരുടെ വിവാഹമോചനം സാധ്യമാകാനുമായി കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

വിവാഹ മോചനം നേടിയാല്‍ സഹോദരന്റെ സ്വത്ത് തനിക്കു ലഭിക്കുമെന്നു കരുതി സഹോദരന്റെ മകനെ പൈജാമയുടെ ചരട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

മുംബൈയില്‍ നഴ്‌സായ വിജയമ്മ തലേന്നു വൈകുന്നേരമാണ് കൈപ്പുഴയിലെ വീട്ടിലെത്തിയത്. രാഹുലിന്റെ അച്ഛന്‍ ഷാജിയും ഭാര്യ ബിന്ദുവും (കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സ്) തമ്മില്‍ അകന്നു കഴിയുകയായിരുന്നു. ഷാജി വിദേശത്തായിരുന്നു.

ഷാജിയുടെ മാതാപിതാക്കളായ രാഘവന്റെയും കമലാക്ഷിയുടെയും ഒപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. വിജയമ്മ നാട്ടില്‍ വന്ന ദിവസം രാത്രിയില്‍ രാഹുലിനെ തന്റെ ഒപ്പം കിടത്തി. പുലര്‍ച്ചെ വിജയമ്മ കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍വിളിച്ച് താന്‍ കുട്ടിയെ കൊന്നു എന്നറിയിക്കുകയായിരുന്നു.

പോലീസ് എത്തിയപ്പോള്‍ കീഴടങ്ങുകയും ചെയ്തു. ഗാന്ധിനഗര്‍ പോലീസാണ് കേസ് അന്വേഷിച്ചത്. കൊല്ലപ്പെട്ട രാഹുലിന്റെ വല്ല്യച്ഛന്‍ രാഘവന്‍, വല്യമ്മ കമലാക്ഷി, മാതാവ് ബിന്ദു, പിതാവ് ഷാജി എന്നിവര്‍ ഉള്‍പ്പെടെ 20 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 24 രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

അതിനിടെ രാഹുലിനെ കൊന്നത് തന്റെ മകള്‍ വിജയമ്മയാണെന്ന് കമലാക്ഷി കോടതിയില്‍ പറഞ്ഞു. വിജയമ്മ ഫോണില്‍ ആരോടോ സംസാരിക്കുന്നതു കേട്ടാണ് സംഭവ ദിവസം പുലര്‍ച്ചെ താന്‍ എഴുന്നേറ്റത്. നീ ആരോടാടീ സംസാരിക്കുന്നതെന്നു ചോദിച്ചപ്പോള്‍ പോലീസ് സ്റ്റേഷനിലേക്കാണെന്നും ഞാന്‍ രാഹുലിനെ കൊന്നെന്നും പറഞ്ഞതായി കമലാക്ഷി കോടതിയില്‍ മൊഴി നല്കിയിരുന്നു.

കമലാക്ഷി അറിയിച്ചതിനെ തുടര്‍ന്നാണ് രാഘവന്‍ വിവരം അറിഞ്ഞത്. ഇവരുടെ രണ്ടു പേരുടെയും മൊഴി കേസില്‍ നിര്‍ണായക തെളിവായി കോടതി സ്വീകരിച്ചു. മുന്‍ ഡിഡിപിയായിരുന്ന സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജോയി ഏബ്രഹാം ആണ് പ്രോസിക്യൂഷനു വേണ്ടി കോടതിയില്‍ ഹാജരായത്.

Related posts