തൃശൂർ: പ്രഫഷണൽ ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ സി.കെ.വിനീത് സർക്കാർ ജോലി ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് മുൻ താരം ഐ.എം.വിജയൻ. മതിയായ ഹാജരില്ലെന്ന കാരണത്താൽ ദേശീയ ഫുട്ബോൾ താരമായ സി.കെ.വിനീതിനെ ഏജീസ് ഓഫീസിലെ ജോലിയിൽ നിന്നും പുറത്താക്കാൻ നീക്കം നടക്കുന്നതായ വാർത്തയോട് പ്രതികരിക്കുകയായിരുന്നു വിജയൻ.
ഏജിസ് ഓഫീസിലെ ജോലി ഉപേക്ഷിക്കുന്നതാണ് നല്ലത്. കേരള പോലീസിൽ എഎസ്ഐ ആയിരിക്കെ താൻ ജോലി വേണ്ടെന്ന് വച്ച് പ്രഫഷണൽ ഫുട്ബോളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത് വിജയൻ ഉദാഹരണമായി ചൂണ്ടിക്കാട്ടി. വിനീത് നല്ല രീതിയിൽ ഇപ്പോൾ ഫുട്ബോൾ കളിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ പ്രഫഷണൽ ഫുട്ബോളിൽ തിളങ്ങാൻ കഴിയുമെന്നും സർക്കാർ ജോലി സംബന്ധിച്ച ചട്ടങ്ങളിൽ ഇളവുകൾ സാധ്യമല്ലാത്തതിനാൽ ജോലി ഉപേക്ഷിക്കുകയേ മാർഗമുള്ളൂ എന്നും ഐ.എം.വിജയൻ കൂട്ടിച്ചേർത്തു.