കെ. കെ. അർജുനൻ
ഒളരിക്കര: ഒളരി പള്ളിക്കു സമീപം എസ്എൻവൈഎഫ് ബിൽഡിംഗിലുള്ള ജയ ലെതർ വർക്സ് എന്ന സ്ഥാപനം ചെറിയൊരു മുറിയിലാണു പ്രവർത്തിക്കുന്നത്. എങ്കിലും ഇവിടേക്കു ചെരുപ്പുകളും ഷൂസുകളും തേടിയെത്തുന്നവർ ഒട്ടും “ചെറിയവരല്ല’.
ആനക്കന്പക്കാരായ തൃശൂർകാരുടെ ഭാഷയിൽ പറഞ്ഞാൽ തലപ്പൊക്കം ഉള്ളവരാണ് ഈ കട തേടിയെത്തുന്നവരിൽ പലരും.
കേരളത്തിലെ ഉയരമുള്ളവർക്കുവേണ്ടി പ്രത്യേക പാദരക്ഷകൾ നിർമിച്ച് “ഉയരങ്ങൾ’ കീഴടക്കുകയാണ് ഒളരിക്കര ജയ ലെതർ വർക്സ് ഉടമയായ സി.വി. വിജയൻ.
വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന സിനിമയിലെ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച ഉയരക്കാരൻ ചാലക്കുടി സ്വദേശി ഷിബു തന്റെ വലിയ കാലിനു ഭാഗമാകുന്ന ചെരിപ്പോ ഷൂസോ കിട്ടാനായി അന്വേഷിച്ച് അലയാത്ത സ്ഥലമില്ല.
ആറടി പത്തിഞ്ച് ഉയരമുള്ള ഷിബു ഒടുവിൽ വിജയന്റെ അരികി ലെത്തി. കഴിഞ്ഞ അന്പതു വർഷമായി ചെരുപ്പു നിർമാണ രംഗത്ത് സജീവമായ വിജയൻ ഷിബുവിന്റെ വലിയ കാലിന് പാകമാകുന്ന വലിയ ലതർ ചെരുപ്പുകൾ അളവെടുത്ത് ഉണ്ടാക്കിക്കൊടുത്തു.
അതായിരുന്നു ഉയരം സ്പെഷൽ ചെരിപ്പുകളുടെ തുടക്കം. ഷിബുവിന്റെ കാലിലെ പുത്തൻ ചെരുപ്പുകണ്ട മറ്റൊരു ഉയരക്കാരനായ കമറുദ്ദീൻ തനിക്കും അത്തരം ഒരു സ്പെഷൽ ചെരിപ്പ് വേണമെന്നാവശ്യപ്പെട്ട് വിജയനെ തേടിയെത്തി. പിന്നെ വിജയന്റെ ചെറിയ കടയിലേക്കു “വലിയവരുടെ’ വരവായി.
ചെരിപ്പ് നിർമാണത്തിൽ സഹായിയായി ഭാര്യ കൂടെയുണ്ട്. ചെരുപ്പ് നിർമ്മാണം മാത്രമല്ല ചെരുപ്പുകളുടെ കേടുപാടുകളും വിജയൻ തീർത്തു കൊടുക്കും.
സാധാരണ ചെരുപ്പുകൾ ഉണ്ടാക്കാൻ ഒരു ദിവസമാണ് വേണ്ടതെങ്കിൽ ഉയരക്കാർക്കുള്ള സ്പെഷൽ ചെരുപ്പ് ഉണ്ടാക്കാൻ മൂന്നു ദിവസമെങ്കിലും വേണ്ടിവരുമെന്ന് ഇദ്ദേഹം പറയുന്നു.
പൊതുവേ ഇത്തരം ചെരിപ്പുകൾക്ക് ആവശ്യക്കാർ കുറവാണ് എന്നതുകൊണ്ടുതന്നെ കടക്കാർ ഇത്തരം ചെരിപ്പുകൾ വില്പനയ്ക്കു വെക്കാറില്ല.
എന്നാൽ, വിജയന്റെ കടയിൽ തങ്ങൾക്കു പാകമാകും വിധമുള്ള ചെരിപ്പും ഷൂസുമൊക്കെ ഉണ്ടെന്നറിഞ്ഞ ഉയരക്കാർ സംസ്ഥാനത്തിന് വിവിധഭാഗങ്ങളിൽ നിന്ന് ഇവിടേക്കെത്തുന്നു.
ഫോണ് വിളിച്ച് ഒാർഡർ കൊടുക്കുന്നവരും കുറവല്ല.ഉയരം കൂടിയവർക്കു പാദരക്ഷകൾ ഉണ്ടാക്കി കൊടുക്കുന്നതു ലാഭകരമല്ലെങ്കിലും കുറഞ്ഞ നിരക്കിൽ ലാഭേച്ഛ ഒട്ടുമില്ലാതെ ഒരു സേവനം പോലെയാണ് വിജയൻ ഇതുചെയ്യുന്നത്.
ഉയരക്കാർക്കു വേണ്ടിയുള്ള ന്യൂ മോഡൽ ഓവർ സൈസ് ലെതർ ഷൂസുകളും ചെരുപ്പുകളും മാത്രമല്ല വികലാംഗർക്കുള്ള വിവിധതരം ചെരുപ്പുകളും വിജയൻ നിർമിച്ചു നൽകുന്നുണ്ട്.
തന്റെ കടയിലേക്ക് വരാൻ ശാരീരിക ബുദ്ധിമുട്ടുള്ളവരുടെ വീടുകളിൽ ചെന്ന് ചെരുപ്പിന്റെ അളവെടുത്ത് നിർമിച്ചു കൊടുക്കാറുമുണ്ട്.
മുത്തച്ഛനിൽ നിന്നും പിതാവ് വേലപ്പനിലൂടെ പാരന്പര്യമായി ലഭിച്ചതാണു വിജയന് ലതർ ചെരുപ്പ് പ്രാവീണ്യം. കേന്ദ്രസർക്കാർ സ്ഥാപനമായ എംഎസ്എംഇയിൽ ലെതർ സെക്ഷനിൽ 36 വർഷം ഇൻസ്ട്രക്ടർ ആയി സേവനം ചെയ്താണ് വിജയൻ വിരമിച്ചത്.