ഇരിങ്ങാലക്കുട: മകനോടുള്ള പക തീർക്കാനെത്തിയ ഗുണ്ടാസംഘം പിതാവിനെ വെട്ടിക്കൊലപ്പെടുത്തി. മകനും അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റു. ഇരിങ്ങാലക്കുട കനാൽ ബേസിൽ താമസിക്കുന്ന മൊന്തേച്ചാലിൽ വീട്ടിൽ വിജയൻ (59) ആണ് വെട്ടേറ്റ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
വിജയനെ വെട്ടുന്നതു തടുക്കാൻ ശ്രമിച്ച ഭാര്യ അംബിക(52), അംബികയുടെ അമ്മ കൗസല്യ (83), വിജയന്റെ മകൻ അനീഷ് (31) എന്നിവർക്കാണ് പരിക്കേറ്റത്.
മകനോടുള്ള വൈരാഗ്യം തീർക്കാനെത്തിയതാണു ഗുണ്ടാസംഘം. ഇന്നലെ ഉച്ചതിരിഞ്ഞ് ടൗണ്‍ഹാൾ പരിസരത്തുവച്ച് വിജയന്റെ മകൻ വിനീതും ഗുണ്ടാസംഘവുമായി വാക്കേറ്റം നടന്നിരുന്നു. ചുണ്ണാന്പിനെച്ചൊല്ലിയുള്ള തർക്കമാണ് വാക്കേറ്റത്തിനു വഴിവച്ചത്. ഇതുസംബന്ധിച്ച് പരസ്പരം പോർവിളിയും ഭീഷണിയും നടന്നു.
തുറവൻകാട് പ്രദേശത്തുള്ള ചില യുവാക്കളാണ് സംഭവത്തിനു പിന്നിലുള്ളത്. രാത്രി 11 മണിയോടെ വിനീതിനെ അന്വേഷിച്ച് മൂന്നു ബൈക്കുകളിലായി ഒന്‍പതംഗ സംഘം വീട്ടിലെത്തി. വീട്ടിലെത്തിയ സംഘത്തിൽ വിജയന്റെ ബന്ധു കൂടിയുണ്ടായിരുന്നതിനാൽ വീട്ടുകാർ വാതിൽ തുറന്ന് വീട്ടിനുള്ളിൽ കയറ്റിയിരുത്തി.
ഈ സമയം കൂടെയുണ്ടായിരുന്നവർ വീടിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വിനീതിന്റെ പിതാവ് വിജയനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. വടിവാൾ അടങ്ങിയ മാരകായുധങ്ങളുമായാണ് വെട്ടിപരിക്കേൽപ്പിച്ചത്.
ഈ സമയം വിനീത് ഈ വീട്ടിലെ മറ്റൊരു മുറിയിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു. വിനീതും സമീപത്തുള്ള വീട്ടുകാരും ഉണർന്നു വരുന്നതിനുമുന്‍പേ ഗുണ്ടാസംഘം സ്ഥലംവിട്ടിരുന്നു. വിജയന്റെ കൈകാലുകളിൽ ആഴത്തിൽ വെട്ടേറ്റതിനെതുടർന്ന് രക്തം വാർന്നുപോയിരുന്നു. സമീപവാസികളാണു ഓട്ടോറിക്ഷയിൽ സഹകരണ ആശുപത്രിയിൽ എത്തിച്ചത്. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്.
അംബിക അതീവ തീവ്രപരിചരണ വിഭാഗത്തിലാണ്. മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ. ഇരിങ്ങാലക്കുട കെഎസ്ഇ ലിമിറ്റഡ് കന്പനിയിലെ പ്ലാന്റ് അറ്റൻഡറാണ് വിജയൻ. മക്കൾ: വിനു, അനീഷ്, വിനീത്. മരുമകൾ: അനു. സംഭവമറിഞ്ഞ് ഇരിങ്ങാലക്കുട എസ്ഐ കെ.എസ.് സുശാന്തിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മൂന്നുപേർ പിടിയിലെന്നു സൂചന
ഇരിങ്ങാലക്കുട: ഇന്നലെ രാത്രി വീടുകയറി വിജയനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളിൽ മൂന്നുപേർ പിടിയിലായതായി സൂചന. തുറവൻകാട് സ്വദേശികളാണ് പിടിയിലായിട്ടുള്ളത്. ഇന്നലെ ടൗണ്‍ഹാൾ പരിസരത്തുവച്ച് വിജയന്റെ മകൻ വിനീതുമായി വാക്കേറ്റം നടന്നതും ഫോണിൽ പോർവിളി നടത്തിയതും ഇവരാണ്.
പിടിയിലായവർ മുന്‍പും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. മറ്റു പ്രതികളും കൂടി ഉടൻ പിടിയിലാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.
മൊബൈൽ ടവർ ലൊക്കേഷൻ നോക്കിയാണ് പിടിയിലായവർ പ്രതികളാണെന്നു സംശയിക്കുന്നത്. ഇന്നു പുലർച്ചെ ഇവരുടെ വീടുകളിൽനിന്നുമാണ് പിടികൂടിയത്. ഇരിങ്ങാലക്കുട എസ്ഐ കെ.എസ.് സുശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പിടിയിലായവർ കഞ്ചാവിനു അടിമകളാണ്.