അലക്സ് ചാക്കോ
കല്ലറ: ഓടിത്തേഞ്ഞ ടയറുകൊണ്ട് എന്താണ് ഉപയോഗമെന്നു ചോദിച്ചാൽ… പ്രത്യേകിച്ച് ഉപയോഗമൊന്നുമില്ല എന്നാകും പലരുടെയും മറുപടി. എന്നുമാത്രമല്ല ടയറിൽ വെള്ളം കെട്ടിക്കിടന്ന് മലിനീകരണ പ്രശ്നങ്ങളുണ്ടാകുന്നതും പലർക്കും ചൂണ്ടിക്കാട്ടാനുണ്ടാകും. എന്നാൽ ഇവിടെയൊരാൾക്ക് ഓടിത്തേഞ്ഞ ടയർ, തന്റെ കരവിരുതും കലാവിരുതും പ്രകടിപ്പിക്കാനുള്ള ഉപാധിയാണ്!
കോട്ടയം കല്ലറയിലെ വിനുനിവാസിൽ വിജയനാണ് കരകൗശല വിദ്യയിൽ പുതിയ പരീക്ഷണമാരംഭിച്ച് വിസ്മയം തീർക്കുന്നത്. കാഴ്ചയ്ക്ക് ഏഴഴകുള്ള പൂച്ചട്ടികളാണ് ഈ 54 കാരൻ പഴകിത്തേഞ്ഞ ടയറുകളിൽനിന്ന് രൂപപ്പെടുത്തിയെടുക്കുന്നത്.
ഒരു വർഷം മുൻപാണ് ഇങ്ങനെയൊരു ആശയം തന്റെ മനസിൽ തോന്നിയതെന്ന് വിജയൻ പറയുന്നു. തുടർന്ന് മനസിലുള്ള പൂച്ചട്ടി ടയറിലൊരുക്കുന്നതിനുളള ശ്രമമാരംഭിക്കുകയായിരുന്നു. കാറിന്റെയും മറ്റുവാഹനങ്ങളുടെയുമൊക്കെ ടയറുകളിൽ തീർത്ത പൂച്ചട്ടികൾ വിജയന്റെ വീട്ടുമുറ്റത്തുണ്ട്. 150 രൂപയ്ക്കും 200 രൂപയ്ക്കുമാണ് ഇവ വിൽപ്പനയ്ക്കുവച്ചിരിക്കുന്നത്.
ഏറെനാൾ കേടുകൂടാതിരിക്കും എന്നതിനൊപ്പം ചെടികളിൽ കാര്യമായി ചൂടേൽക്കാതിരിക്കുമെന്നതും ടയർ പൂച്ചട്ടികളുടെ മേന്മയാണെന്ന് വിജയൻ പറയുന്നു. ചെത്തുളികൊണ്ട് ചെത്തിമിനുക്കിയെടുത്താണ് ഇവ നിർമിക്കുന്നത്. രണ്ടു പാളികളായി ചെത്തിയെടുത്ത്് ചെറിയ സ്ക്രൂകൾ ഉപയോഗിച്ച്് ബന്ധിക്കുന്നതോടെ ടയർപൂച്ചട്ടി തയ്യാർ.
മനസിലുള്ള ഡിസൈൻ ടയറിൽ കൊത്തിയെടുക്കുന്നത് ഏറെ ശ്രമകരമാണെന്നു വിജയൻ പറയുന്നു. വളരെയധികം ശ്രദ്ധിച്ചില്ലെങ്കിൽ കൈക്കു പരിക്കേൽക്കാനുള്ള സാധ്യതയുണ്ടത്രേ. ഏകദേശം മൂന്നു മണിക്കൂർ ചെലവിട്ടാണ് ഒരു ടയർച്ചെടിച്ചട്ടി നിർമിക്കുക.
ആവശ്യക്കാർക്ക് ടയർചട്ടികൾ പെയിന്റടിച്ചും വിജയൻ നൽകാറുണ്ട്. പൂച്ചട്ടികൾക്കു പുറമേ അലങ്കാര മത്സ്യം വളർത്തുന്നതിനുള്ള ചട്ടികളും വിജയൻ ടയറുപയോഗിച്ച് നിർമിക്കുന്നുണ്ട്. അല്പംപോലും ചോർച്ചയുണ്ടാകാത്തരീതിയിലാണ് ഇതിന്റെ നിർമാണം. ചിരട്ടകൾ ഉപയോഗിച്ച് നിർമിച്ച അലങ്കാര വസ്തുക്കളും വിനുനിവാസിലെത്തുന്നവർക്കു കാണാനാകും.