കോട്ടയം: ചന്തക്കടവിൽനിന്നു കൊടൂരാറ്റിലേക്ക് ഒഴുകുന്ന തോട്ടിലെ മാലിന്യങ്ങൾ പ്രദേശവാസികൾക്ക് ഭീഷണിയാണെങ്കിൽ വിജയനത് വരുമാനമാർഗമാണ്. തിരുവന്തപുരം സ്വദേശിയായ വിജയൻ കോട്ടയം നഗരത്തിലെത്തിയിട്ട് നാളുകളേറെയായി. നഗരത്തിലും മറ്റു സമീപപ്രദേശങ്ങളിലും കൂലിപ്പണിയെടുത്താണ് ജീവിക്കുന്നത്.
കൂലിപ്പണിയില്ലാത്ത സമയങ്ങളിൽ തോട്ടിൽ നിന്നും പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നതാണ് വിജയന്റെ പ്രധാന പണി. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യകുപ്പികൾ ചാക്കുകളിലാക്കി കോട്ടയം നഗരത്തിലെ ആക്രി കടകളിൽ കൊണ്ടുപോയി വിൽക്കും. ഒരു കിലോ പ്ലാസ്റ്റിക് കുപ്പികൾക്ക് 150രൂപാ വരെ കിട്ടുമെന്ന് വിജയൻ പറയുന്നു.
മിക്ക ദിവസങ്ങളിലും 500രൂപയ്ക്കു വരെ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് വിൽക്കാൻ കഴിയുമെന്ന് വിജയൻ പറയുന്നു. കൈതോട്ടിലെ മാലിന്യം നീക്കം ചെയ്യാൻ പദ്ധതി തയാറാക്കിയാൽ അതു നടപ്പാക്കാൻ ലക്ഷങ്ങൾ തന്നെ വേണ്ടിവരും. എന്നാൽ യാതൊരു പ്രതിഫലവും കൈപ്പറ്റാതെ വരുമാനം കണ്ടെത്താൻ പറ്റിയ മാർഗമായാണ് വിജയൻ പ്ലാസ്റ്റിക് കുപ്പി ശേഖരണത്തെ കാണുന്നത്. താൻ ചെയ്യുന്നത് വലിയൊരു സാമൂഹ്യ പ്രവർത്തിയാണെന്നാണ് വിജയൻ പറയുന്നത്.