കോഴിക്കോട്: വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയനും മകനും വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പും കത്തുകളും ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് അന്വേഷണസംഘം.
ഔദ്യോഗിക രേഖകളിലോ, മിനിട്സ്കളിലോ വിജയൻ എഴുതിയിട്ടുള്ള സ്വന്തം കൈയക്ഷരങ്ങൾ ശേഖരിച്ച് ആത്മഹത്യാക്കുറിപ്പിലെ കൈയക്ഷരവുമായി ഒത്തു നോക്കി, പരിശോധന നടത്തിയതിനു ശേഷം കത്തുകൾ കോടതിയിൽ ഹാജരാക്കുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബന്ധുക്കളും സഹപ്രവർത്തകരമടക്കം ഇതുവരെ ഇരുപതിലധികം ആളുകളെ പോലീസ് ചോദ്യം ചെയ്തു. അതേസമയം സാമ്പത്തിക ആരോപണങ്ങളുമായി ബന്ധപ്പെട്ട വിജയന്റെ മൂത്ത മകൻ വിജേഷിന്റെ മൊഴി ഇന്നലെ വിജിലൻസ് സംഘം രേഖപ്പെടുത്തി.
നിയമന വിവാദവുമായി ബന്ധപ്പെട്ട് പോലീസിനു പരാതി നൽകിയ ഐസക് താമരച്ചാലിൽ, പത്രോസ്, ഷാജി എന്നിവരെയും വിജിലൻസ് ചോദ്യം ചെയ്തു. ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള നേതാക്കളുടെയും ബാങ്ക് ജീവനക്കാരുടെയും മൊഴിയെടുക്കൽ ഇന്നും നാളെയുമായി നടക്കും.
അതേസമയം ഐ.സി. ബാലകൃഷ്ണന് എംഎല്‍എയും ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനും സ്ഥാനങ്ങൾ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബത്തേരിയിൽ ഇന്ന് സിപിഎം നൈറ്റ് മാർച്ച് നടത്തും.ആത്മഹത്യ ചെയ്ത് പത്തുദിവസത്തിനുശേഷം ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതില്‍ ദുരൂഹതയുണ്ടെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
ഇതിനിടെ, വിവാദം അന്വേഷിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള കെപിസിസി സംഘം ഇന്ന് വയനാട്ടിൽ എത്തും. കുടുംബാംഗങ്ങളെ ഉള്‍പ്പെടെ കാണുമെന്നാണ് അറിയുന്നത്. സംഭവത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ രണ്ടഭിപ്രായം രൂപപ്പെട്ടിട്ടുള്ളതിനാല്‍ കെപിസിസിസംഘത്തിനു മുന്നില്‍ പ്രതിസന്ധി ഏറെയാണ്.
സ്വന്തം ലേഖകന്‍