കൊല്ലം: യുഗങ്ങൾ മാറിയാൽ പോലും വായന ഇല്ലാത്ത ഒരാൾക്ക് ഉയർന്ന നിലവാരത്തിൽ ചിന്തിക്കാൻ കഴിയില്ലെന്ന് എൻ.വിജയൻപിള്ള എംഎൽഎ. കൊല്ലം പ്രസ്ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കലാസരിത്ത് മാസികയുടെ പുനപ്രകാശനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക കാലഘട്ടത്തിൽ ആളുകളുടെ വായനാശീലം കുറഞ്ഞുവരികയാണ്. ശാസ്ത്രവും സാങ്കേതിക വിദ്യകളും വളരുന്പോഴും പല കാരണങ്ങളാലും വായന ഇപ്പോഴും പിന്നോട്ടാണ്. ഇതിന് പരിഹാരം കാണുന്നതിന് വായനശാലകളും ഗ്രന്ഥശാല പ്രസ്ഥാനങ്ങളും നടത്തുന്ന ശ്രമങ്ങൾ ശ്ലാഖനീയമാണെന്നും എംഎൽഎ വ്യക്തമാക്കി.
പ്രസ്ക്ലബ് പ്രസിഡന്റ് ജയചന്ദ്രൻ ഇലങ്കത്ത് മാസികയുടെ കോപ്പി ഏറ്റുവാങ്ങി. ക്ലബ് സെക്രട്ടറി ജി.ബിജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കേരളശബ്ദം അസോസിയേറ്റ് എഡിറ്റർ ആർ.പവിത്രൻ, കലാസരിത്ത് പത്രാധിപർ ചവറ സുരേന്ദ്രൻപിള്ള എന്നിവർ പ്രസംഗിച്ചു.