കോട്ടയം: ട്രെയിനിലെ മൊബൈൽ ഫോണ് മോഷണത്തിനു പിടിയിലായയാളെ റിമാൻഡ് ചെയ്തു. അടൂർ മുണ്ടപ്പള്ളി പുത്തൻവീട് വിജയൻപിള്ള(44)യെയാണു കോടതി റിമാൻഡ് ചെയ്തത്. ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ മൊബൈൽ ഫോണുകൾ മോഷണം പോകുന്നതു പതിവായിരുന്നു. ഇത്തരത്തിൽ ഫോണുകൾ നഷ്്ടപ്പെടുന്നതായി നിരവധി പരാതികളാണ് കോട്ടയം റെയിൽവേ പോലീസിനു ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ സംശാസ്പദമായി കണ്ട ഇയാളെ ചോദ്യം ചെയ്തതോടെ പരസ്പര വിരുദ്ധമായിട്ടാണു സംസാരിച്ചത്. തുടർന്നു നടത്തിയ പരിശോധനയിൽ നാലു മൊബൈൽ ഫോണുകൾ ഇയാളുടെ പക്കൽനിന്നും കണ്ടെത്തുകയും ട്രെയിൻ യാത്രക്കാരുടെ മൊബൈൽ മോഷ്്ടിക്കുന്നത് പതിവാണെന്ന് ഇയാൾ കുറ്റം സമ്മതിച്ചു.
പീന്നിടാണ് ഫോണുകളെല്ലാം മോഷ്ടിച്ചതാണെന്നു കണ്ടെത്തിയത്. നാലു ഫോണുകൾക്കുമായി 33,000രൂപ വിലവരുമെന്ന് റെയിൽവേ പോലീസ് പറഞ്ഞു. റെയിൽവേ പോലീസ് ഡിവൈഎസ്പി കെ.എം. ജിജിമോൻ, സിഐ അജി ജി. നാഥ് എന്നിവരുടെ നിർദേശാനുസരണം എസ്ഐ നാസർകുട്ടി, എഎസ്ഐമാരായ കെ.കെ. കുര്യൻ, രാജ്മോഹൻ, അബ്ദുൾ നാസർ, സിപിഒമാരായ എൻ.എസ്. സന്തോഷ്, സേതു, അനികുട്ടൻ, നിവാസ്, ആരോമൽ എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.