കൊച്ചി: ഇല പറിക്കാൻ പേരാൽമരത്തിൽ കയറിയ മധ്യവയസ്കനെ കണ്ട്, ആത്മഹത്യാശ്രമമാണെന്നു തെറ്റിദ്ധരിച്ച് പോലീസിനെ വിളിച്ചുവരുത്തിയ നാട്ടുകാർ പുലിവാൽ പിടിച്ചു.
തടിച്ചുകൂടിയ ആളുകൾ ബഹളം വയ്ക്കുകയും മരത്തിൽ നിന്നിറങ്ങാൻ ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്തിട്ടും കൂട്ടാക്കാതെ ഇല പറിക്കൽ തുടർന്ന മധ്യവയസ്കൻ ഒടുവിൽ പോലീസിനെ കണ്ട് താഴെയിറങ്ങി. ‘ഇല പറിക്കാനും സമ്മതിക്കില്ലേ’ എന്ന ഇയാളുടെ ചോദ്യം കേട്ടതോടെ ജനക്കൂട്ടം ചമ്മി.
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപം എക്സൈസ് ഓഫീസിനു മുന്നിലെ പേരാൽ മരത്തിലായിരുന്നു സംഭവം. പൂജാ സാധനങ്ങൾ വിൽക്കുന്ന തൃപ്പൂണിത്തുറയിലെ കടയിലേക്ക് നൽകുന്നതിനായി ഇല പറിക്കാനാണ് കൊല്ലം സ്വദേശിയായ വിജയൻ പേരാൽ മരത്തിൽ കയറിയത്.
കയറുന്നതിനിടെ മരത്തിലേക്ക് നീണ്ടുനിന്ന എക്സൈസ് ഓഫീസിന്റെ അലൂമിനിയം മേൽക്കൂരയിൽ കാലുകൊണ്ട് മുറിവുണ്ടായി. ഇതു കാര്യമാക്കാതെ ചാഞ്ഞുനിന്ന ചില്ലയിലേക്ക് കയറിയതോടെ ആത്മഹത്യയ്ക്കുള്ള ശ്രമമാണെന്ന് കരുതി യാത്രക്കാരും സമീപത്തെ ഓട്ടോറിക്ഷതൊഴിലാളികളും തടിച്ചുകൂടുകയായിരുന്നു. മരത്തിൽനിന്ന് ഇറങ്ങാൻ ഇവർ പല ആവർത്തി ആവശ്യപ്പെട്ടിട്ടും വിജയൻ കേട്ടഭാവം കാണിച്ചില്ല.
ഇതിനിടെ കാലിലെ മുറിവിൽനിന്നു രക്തം ഒഴുകി താഴേക്ക് വീഴുന്നുണ്ടായിരുന്നു. ലഹരി മൂത്ത് മരത്തിൽ കയറിയതാണെന്നായിരുന്നു കൂടിനിന്നവരിൽ ഒരുവിഭാഗത്തിന്റെ അഭിപ്രായം.
20 മിനിട്ട് കഴിഞ്ഞ് നോർത്ത് സ്റ്റേഷനിൽനിന്ന് പോലീസെത്തിയത് കണ്ട് താഴെയിറങ്ങിയ വിജയൻ മരത്തിൽ കയറിയതിന്റെ കാര്യം പറഞ്ഞതോടെ പുലിവാല് പിടിച്ചപോലായി തടിച്ചുകൂടിയവർ.
ചെറുപുഞ്ചിരിയോടെ പോലീസ് മടങ്ങിയപ്പോൾ വിജയൻ ഒന്നും സംഭവിക്കാത്ത പോലെ താഴെ വീണ ഇലകൾ ഒരിടത്തേക്ക് കൂട്ടിയിട്ട് സമീപത്തെ ഹോട്ടലിൽനിന്ന് ഉപ്പു വാങ്ങി കാലിലെ മുറിവിൽ തേച്ചു. പിന്നീട് ഇലകളുമായി സ്ഥലം വിടുകയും ചെയ്തു.
പൂജാ സാധങ്ങൾ വിൽക്കുന്ന കടകളിലേക്ക് പേരാൽ മരത്തിന്റെ ഇലയും മൊട്ടുകളും എത്തിച്ചുകൊടുത്തു കിട്ടുന്ന തുച്ഛമായ പണംകൊണ്ട് ദൈനംദിന ചെലവുകൾ നടത്തിവരുന്ന ആളാണ് വിജയൻ. മുന്പും ഇതേ മരത്തിൽനിന്ന് ഇല പറിച്ചുകൊണ്ടുപോയിട്ടുണ്ടെന്നും ഇത്തരമൊരു അനുഭവം ഇതാദ്യമാണെന്നും വിജയൻ പറയുന്നു.